വോക്‌സ്‌വാഗൻ 30,000 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: November 19, 2016

volkswagen-plant-big

ഫ്രാങ്ക്ഫർട്ട് : വോക്‌സ്‌വാഗൻ ആഗോളതലത്തിൽ 30,000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നു. വോക്‌സ് വാഗനിലെ മൊത്തം ജീവനക്കാരുടെ പകുതിയോളം വരുമിത്. ഇതിൽ 23,000 തസ്തികകളും ജർമ്മനിയിലാണ്. താത്കാലിക ജീവനക്കാരെയാണ് ആദ്യം ഒഴിവാക്കുന്നതെന്ന് വോക്‌സ്‌വാഗൻ വക്താവ് പറഞ്ഞു. ലോകവ്യാപകമായി 60,000 ജീവനക്കാരാണ് വോക്‌സ്‌വാഗനുള്ളത്.

ഡീസൽ കാറുകളിലെ മലിനീകരണ മാനദണ്ഡങ്ങളിൽ കൃത്രിമം കാട്ടിയതിനെ തുടർന്നുണ്ടായ നഷ്ടത്തെ തുടർന്നാണ് ചെലവ് ചുരുക്കാൻ കമ്പനി നിർബന്ധിതമായത്. യുഎസിൽ തുടങ്ങിയ ഡീസൽഗേറ്റ് വിവാദം കമ്പനിയുടെ പ്രതിഛായയെയും വില്പനയെയും ബാധിച്ചിരുന്നു. ഡീസൽഗേറ്റിൽ വാഹന ഉടമകൾക്ക് 18 ബില്യൺ യൂറോ എങ്കിലും നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

വിവിധ രാജ്യങ്ങളിലായി 11 ദശലക്ഷം ഡീസൽ കാറുകളിലെ സോഫ്റ്റ്‌വേറുകളിലാണ് കൃത്രിമം നടത്തിയതായി കണ്ടെത്തിയത്. ഇന്ത്യയിൽ 1.9 ലക്ഷം കാറുകൾ വോക്‌സ്‌വാഗൻ തിരിച്ചുവിളിച്ചിരുന്നു.