ടിസിഎസിന്റെ അറ്റാദായത്തിൽ 4.51 ശതമാനം വളർച്ച

Posted on: October 13, 2016

tcs-development-centre-big

മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസിന് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 4.51 ശതമാനം അറ്റാദായവളർച്ച. നടപ്പു സാമ്പത്തികവർഷം ഒന്നാം ക്വാർട്ടറിലെ (ഏപ്രിൽ-ജൂൺ) 6,318 കോടിയിൽ നിന്ന് രണ്ടാം ക്വാർട്ടറിൽ (ജൂലൈ – സെപ്റ്റംബർ) അറ്റാദായം 6,603 കോടി രൂപയായി. മൊത്തവരുമാനം ഒന്നാം ക്വാർട്ടറിലെ 29,305 കോടിയിൽ നിന്ന് രണ്ടാം ക്വാർട്ടറിൽ 29,284 കോടിയായി.

മൊത്തം ചെലവ് കഴിഞ്ഞ ക്വാർട്ടറിലെ 21,958 കോടിയിൽ നിന്ന് 1.32 ശതമാനം കുറഞ്ഞ് രണ്ട് ക്വാർട്ടറിൽ 21,667 കോടിയായി. ഇന്ത്യ, ലാറ്റിൻ അമേരിക്ക തുടങ്ങിയ വിപണികളിലെ അനിശ്ചിതത്വവും ഇടപാടുകാരുടെ ചെലവുചുരുക്കലും കമ്പനിയുടെ പ്രവർത്തനഫലത്തെ ബാധിച്ചതായി ടിസിഎസ് സിഇഒയും എംഡിയുമായ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 6.50 രൂപ പ്രകാരം (650 %) ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു. കഴിഞ്ഞ ക്വാർട്ടറിലും 650 ശതമാനം ഇടക്കാല ലാഭവിഹിതം നൽകിയിരുന്നു.

രണ്ടാംക്വാർട്ടറിൽ 22,665 ജീവനക്കാർക്ക് നിയമനം നൽകി. മൊത്തം ജീവനക്കാരുടെ എണ്ണം 371,519. അട്രീഷൻ നിരക്ക് 11.9 ശതമാനം.