എയർസെൽ-മാക്‌സിസ് ഇടപാട് : മാരൻ സഹോദരൻമാർക്കെതിരെ കുറ്റപത്രം

Posted on: August 29, 2014

Maran-brothers-big

എയർസെൽ-മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് മുൻ ടെലികോം മന്ത്രി ദയാനിധി മാരനും സഹോദരൻ കലാനിധി മാരനും എതിരെ സ്‌പെഷൽ കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ടു ജി സെപ്കട്രം കുംഭകോണം അന്വേഷിക്കുന്നതിനിടെയാണ് എയർസെൽ-മാക്‌സിസ് ഇടപാടു പുറത്തായത്.

നാലു കമ്പനികളുടെയും മലേഷ്യൻ ബിസിനസുകാരൻ ടി. ആനന്ദ കൃഷ്ണൻ, റാൽഫ് മാർഷൽ, മുൻ ടെലികോം സെക്രട്ടറി പരേതനായ ജെ.എസ്. ശർമ്മയുടെയും പേരുകൾ കുറ്റപത്രത്തിലുണ്ട്. സൺ ഡയറക്ട് ടിവി പ്രൈവറ്റ് ലിമിറ്റഡ്, മാക്‌സിസ് കമ്യൂണിക്കേഷൻ ബെർഹാദ്, സൗത്ത് ഏഷ്യ എന്റർടെയ്ൻമെന്റ് ഹോൾഡിംഗ് (മൗറീഷ്യസ്), അസ്‌ട്രോ ഓൾ ഏഷ്യ നെറ്റ് വർക്ക് പിഎൽസി എന്നിവയാണ് കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ട കമ്പനികൾ. ക്രിമിനൽ ഗൂഡാലോചനയാണ് കുറ്റപത്രത്തിൽ ആരോപിച്ചിട്ടുള്ള കുറ്റം. സ്‌പെഷൽ കോടതി സെപ്റ്റംബർ 11 ന് കേസ് വീണ്ടും പരിഗണിക്കും.

മൊബൈൽ കമ്പനിയായ എയർസെൽ 2005 ഡിസംബർ 31 ന് ആനന്ദകൃഷ്ണന്റെ മാക്‌സിസ് കമ്യൂണിക്കേഷൻ വാങ്ങി. 2006-ൽ മാക്‌സിസിന് എല്ലാ ടെലികോം സർക്കിളുകളിലും ലൈസൻസ് ലഭിച്ചു. 2007 ൽ മാക്‌സിസ് ഗ്രൂപ്പ് സബ്‌സിഡയറിയായ അസ്‌ട്രോ ഓൾ ഏഷ്യ നെറ്റ് വർക്ക് സൺ ഡയറക്ടിൽ 599 കോടി രൂ മുതൽമുടക്കി 20 ശതമാനം ഓഹരി വാങ്ങി. തുടർന്ന് 2010 ൽ അസ്‌ട്രോ 396 കോടി രൂപ മുടക്കി സൺഡയറക്ടിലെ ഓഹരിവിഹിതം 35 ശതമാനമായി ഉയർത്തി. 2011 ൽ എയർസെൽ പ്രമോട്ടറായിരുന്ന സി. ശിവശങ്കരനെ സിബിഐ ചോദ്യം ചെയ്യുമ്പോഴാണ് എയർസെല്ലിലെ ഓഹരി മാക്‌സിസിനു വിൽക്കാൻ ദയാനിധിമാരൻ ഇടപെട്ട കാര്യം പുറത്തുവരുന്നത്.

കുറ്റപത്രം സമർപ്പിക്കുന്നതിൽ നിന്നും സിബിഐയെ തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ദയാനിധിമാരൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇന്ത്യൻ പ്രമോട്ടറായ സി. ശിവശങ്കരന് എയർസെല്ലിലുള്ള ഓഹരി, ആനന്ദകൃഷ്ണന്റെ മാക്‌സിസ് ഗ്രൂപ്പിന് വിൽക്കാൻ ദയാനിധിമാരൻ തന്റെ അധികാരം ഉപയോഗിച്ച് സമ്മർദം ചെലുത്തിയതായി സിബിഐ സുപ്രീംകോടതിയ അറിയിച്ചിരുന്നു.