കടബാധ്യത : ആർക്കോമിന് ഏഴ് മാസത്തെ ഇളവ്

Posted on: June 3, 2017

മുംബൈ : റിലയൻസ് കമ്യൂണിക്കേഷന് കടബാധ്യതകൾ തിരിച്ചടയ്ക്കാൻ ബാങ്കുകൾ 2017 ഡിസംബർ ഇളവ് അനുവദിച്ചു. എന്നാൽ സെപ്റ്റംബറോടെ ബാധ്യതകൾ കുറയ്ക്കാനുള്ള രണ്ട് പദ്ധതികൾ നടപ്പാക്കാനാകുമെന്ന് ആർക്കോം ചെയർമാൻ അനിൽ അംബാനി പറഞ്ഞു. ആർക്കോം 45,733 കോടിയുടെ കടബാധ്യതകൾ ഉണ്ടെന്ന വാർത്ത പുറത്തുവന്നതോടെ അനിൽ അംബാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു.

കടബാധ്യത സെപ്റ്റംബറോടെ 20,000 കോടിയായി കുറയ്ക്കാനാകുമെന്നാണ് അനിൽ അംബാനിയുടെ പ്രതീക്ഷ. ആർക്കോമിന്റെ മൊബൈൽ സർവീസ് എയർസെല്ലുമായി ലയിപ്പിക്കുകയും ടവർ ബിസിനസ് കനേഡിയൻ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ബ്രൂക്ക്ഫീൽഡിന് വിൽക്കാനുമാണ് റിലയൻസ് കമ്യൂണിക്കേഷൻ ഒരുങ്ങുന്നത്. പുതിയ കമ്പനിയുടെ പേര് എയർകോം എന്നാകും.

പ്രതിസന്ധി വൻതോതിൽ ജീവനക്കാരെ കുറയ്ക്കാൻ ഇടയാക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ആർക്കോം 10,000 ജീവനക്കാരെ കുറച്ചിരുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ കടന്നുവരവാണ് മറ്റ് മൊബൈൽ കമ്പനികളെ നഷ്ടത്തിലേക്ക് നയിച്ചത്. വരുമാനം കുറഞ്ഞതോടെ ആർക്കോമും പ്രതിസന്ധിയിലാകുകയായിരുന്നു.