സൺ ചാനലുകൾക്ക് സുരക്ഷാ അനുമതി നിരസിച്ചു

Posted on: June 8, 2015

Sun-TV-Network-Office-Big

ന്യൂഡൽഹി : സൺ ടിവി നെറ്റ് വർക്കിലെ 33 ചാനലുകൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ അനുമതി നിരസിച്ചു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇതു സംബന്ധിച്ച നടപടികളുമായി മുന്നോട്ടുപോയാൽ സൺ ചാനലുകൾ അടച്ചുപൂട്ടേണ്ടി വരും. സൺ ചാനലുകൾ രാജ്യത്തെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളുടെ വിശദീകരണം.

ചാനലുകളുടെ ബ്രോഡ്കാസ്റ്റിംഗ് ലൈസൻസ് 10 വർഷത്തേക്ക് പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സൺ നെറ്റ് വർക്ക് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തെ സമീപിച്ചത്. ഈ നടപടിക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിൽ സൺഗ്രൂപ്പിനെതിരെയുള്ള കേസ് പരിഗണിച്ചാണ് അനുമതി നിഷേധിച്ചത്. ഇന്ത്യയിലെ 10 കോടിയോളം വീടുകളിൽ സൺ നെറ്റ് വർക്കിന്റെ ചാനലുകൾ എത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് സൺ ടിവി കേന്ദ്രങ്ങൾ പ്രതികരിക്കാൻ വിസമ്മതിച്ചു.

ടു ജി സ്‌പെക്ട്രം ഉൾപ്പടെയുള്ള കേസുകളിൽ സൺ ഗ്രൂപ്പ് പ്രമോട്ടർ കലാനിധി മാരനും സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരനും എതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ദയാനിധിയുടെ ചെന്നൈയിലെ വസതിയിലേക്ക് 300 ഹൈസ്പീഡ് ബിഎസ്എൻഎൽ ടെലിഫോണുകൾ സ്ഥാപിച്ചതിനെക്കുറിച്ചും സിബിഐ അന്വേഷണം നടന്നുവരികയാണ്. എയർസെൽ – മാക്‌സിസ് കേസിൽ മാരൻ സഹോദരൻമാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞു. മറ്റൊരു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.