സാമ്പത്തിക തൊട്ടുകൂടായ്മ ഇല്ലാതാക്കുമെന്ന് നരേന്ദ്രമോദി

Posted on: August 28, 2014

Jan-Dhan-Yojana-PM-big

സാമ്പത്തിക തൊട്ടുകൂടായ്മ ഇല്ലാതാക്കാനാണ് ജൻ ധൻ യോജനയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിൽ ജൻ ധൻ യോജന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക അസമത്വവും ദാരിദ്ര്യവും, നിർമാർജനം ചെയ്യുകയാണ് തന്റെ ലക്ഷ്യം. സ്ത്രീശാക്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പുകൂടിയാണ് ജൻ ധൻ യോജന. പണം സുരക്ഷിതമായി മിച്ചംവയ്ക്കാൻ പദ്ധതി വനിതകളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അടുത്ത റിപ്പബ്ലിക് ദിനത്തിന് മുമ്പ് അക്കൗണ്ട് തുറക്കുന്നവർക്കു 30,000 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് സംരക്ഷണവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ചുവപ്പുനാടകൾ പദ്ധതിക്കു തടസമാകരുതെന്നും അദ്ദേഹം നിർദേശിച്ചു.

ഒരു ദിവസത്തിനുള്ളിൽ ഒന്നരക്കോടി ബാങ്ക് അക്കൗണ്ടുകൾ തുറക്കുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു. 2015 ജനുവരി 26-ന് മുമ്പ് അക്കൗണ്ടുകളുടെ എണ്ണം 7.5 കോടിയായി ഉയർന്നേക്കുമെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേർത്തു.

ജൻ ധൻ യോജന പദ്ധതി പ്രകാരം റുപയ ഡെബിറ്റ് കാർഡും ഒരു ലക്ഷം രൂപയുടെ ആക്‌സിഡന്റ് ഇൻഷുറൻസും ആറുമാസം കൃത്യമായി അക്കൗണ്ട് മെയിന്റയിന് ചെയ്യുന്നവർക്ക് 5,000 രൂപയുടെ ഓവർഡ്രാഫ്റ്റ് സൗകര്യവും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.