സ്വർണ്ണക്കടത്ത് : എയർ ഇന്ത്യ സീനിയർ പൈലറ്റ് അറസ്റ്റിൽ

Posted on: August 11, 2016

Air-India-Big-aമുംബൈ : സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണം കടത്തുന്നതിനിടെ എയർ ഇന്ത്യയുടെ സീനിയർ പൈലറ്റിനെ മുംബൈ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ജിദ്ദ – മുംബൈ എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് പിടിയിലായത്. ഡ്രൈഫ്രൂട്ട് പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച 600 ഗ്രാം തൂക്കം വരുന്ന ഏഴ് സ്വർണ്ണ ബാറുകൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. പിടികൂടിയ സ്വർണ്ണത്തിന് 15 ലക്ഷത്തിൽപ്പരം രൂപ വില വരും.

മുംബൈയിലെ സുഹൃത്തിന് നൽകാൻ ജിദ്ദയിലെ ഒരു സഹപ്രവർത്തകനാണ് ഡ്രൈഫ്രൂട്ട്‌സ് പായ്ക്കറ്റ് നൽകിയതെന്നാണ് പൈലറ്റിന്റെ വിശദീകരണം. പൈലറ്റിന്റെ ഫോണും കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.

അറസ്റ്റിലായ വിജയ പ്രതാപിന് ഇരുപത് വർഷം സർവീസുണ്ട്. പ്രതിമാസം 5.5 ലക്ഷം രൂപയാണ് ഇയാളുടെ ശമ്പളം. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ പ്രതികരിച്ചിട്ടില്ല.