ഗൾഫിലെ ഇന്ത്യൻ വ്യവസായികളിൽ യൂസഫലി രണ്ടാമത്

Posted on: May 5, 2016

Yusaf-Ali-2015-big

ദുബായ് : മിഡിൽഈസ്റ്റിലെ പ്രമുഖരായ 100 ഇന്ത്യൻ വ്യവസായികളുടെ ഫോബ്‌സ് ലിസ്റ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി രണ്ടാമത്. പട്ടികയിലെ ആദ്യത്തെ പത്തുപേരിൽ ആറും മലയാളികളാണ്. മലയാളികളിൽ എം എ യൂസഫലിയാണ് ഒന്നാമത്. സ്റ്റാലിയൻ ഗ്രൂപ്പ് ചെയർമാൻ സുനിൽ വാസ്‌വാനിയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്.

ലാൻഡ് മാർക്ക് ഗ്രൂപ്പ് ചെയർമാൻ മുകേഷ് ജഗ്തിയാനിയാണ് ഇന്ത്യക്കാരിൽ മൂന്നാം സ്ഥാനത്തുള്ളത്. ന്യുമെഡിക്കൽ സെന്റർ, യുഎഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകൻ ബി.ആർ. ഷെട്ടി (4), ഗ്ലോബൽ എഡ്യൂക്കേഷൻ മാനേജ്‌മെന്റ് സിസ്റ്റംസ് (ജെംസ്) ചെയർമാൻ സണ്ണി വർക്കി (5), ശോഭ ഗ്രൂപ്പ് ചെയർമാൻ പി എൻ സി മേനോൻ (6), ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ (7), ഡോഡ്‌സൽ ഗ്രൂപ്പ് ചെയർമാൻ രാജൻ കിലാചന്ദ് (8), ആർപി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രവി പിള്ള (9), വിപിഎസ് ഹെൽത്ത്‌കെയർ മാനേജിംഗ് ഡയറക്ടർ ഡോ. ഷംഷീർ വയലിൽ (10) എന്നിവരാണ് ലിസ്റ്റിലെ ആദ്യ പത്തിലുള്ളത്.

ഇവർക്കു പുറമെ സിദ്ധീഖ് അഹമ്മദ് (14), തുംബൈ മൊയ്തീൻ (16), ജോയ് ആലൂക്കാസ് (18), അദീബ് അഹമ്മദ് (24), കെ.പി. ബഷീർ (28), ദിലീപ് രാഹുലൻ (30), കോറോത്ത് മുഹമ്മദ് (36), സോഹൻ റോയ് (40) തുടങ്ങിയവരും ലിസ്റ്റിലുണ്ട്. ദുബായിൽ നടന്ന പ്രഖ്യാപനചടങ്ങിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ ടി.പി. സീതാറാം മുഖ്യാതിഥിയായിരുന്നു.