കൊച്ചി വഴി പറന്നത് 77.70 ലക്ഷം പേർ

Posted on: April 12, 2016

CIAL-Baggage-collection-big

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 2015-16 ധനകാര്യവർഷത്തിൽ യാത്രചെയ്തത് 77.70 ലക്ഷം പേർ. യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 20.89 ശതമാനം വളർച്ചകൈവരിച്ചു. കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോകുന്നവരിൽ അന്താരാഷ്ട്ര യാത്രക്കാരാണ് ഏറ്റവും കൂടുതൽ. 2014-15 ൽ നെടുമ്പാശേരിയിലൂടെ വിമാനയാത്ര നടത്തിയത് 64,27 972 പേരാണ്. യാത്രക്കാരുടെ എണ്ണം 2015-16 ൽ 77,70,785 ആയി ഉയർന്നു.

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 37.45 ലക്ഷത്തിൽ നിന്ന് 46.41 ലക്ഷമായി വർധിച്ചു. ആഭ്യന്തരയാത്രക്കാരുടെ എണ്ണം 26.82 ലക്ഷത്തിൽ നിന്ന് 31.29 ലക്ഷമായി ഉയർന്നു. കഴിഞ്ഞ ധനകാര്യവർഷത്തെ അപേക്ഷിച്ച് ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ 16.66 ശതമാനവും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 23.92 ശതമാനവും വർധനയുണ്ടായി. എയർട്രാഫിക് മൂവ്‌മെന്റ് 2014-15 ലെ 52,031 ൽ നിന്ന് 57,762 ആയി വർധിച്ചു. മുൻ വർഷത്തേക്കാൾ 10 ശതമാനം വളർച്ച.

നിലവിൽ 24 വിമാനക്കമ്പനികൾ കൊച്ചി വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്തുന്നുണ്ട്. സമ്മർ ഷെഡ്യൂളിൽ ആഭ്യന്തര സെക്ടറിൽ രണ്ടും ഇന്റർനാഷണൽ സെക്ടറിൽ ഒന്നും പുതിയ സർവീസുകൾ ആരംഭിക്കും. വിസ്താര, എയർ പെഗാസസ് എന്നിവയാണ് പുതുതായി ആഭ്യന്തര സർവീസുകൾ തുടങ്ങുന്നത്. തായ് എയർഏഷ്യയുടെ കൊച്ചി- ബാങ്കോക്ക് പ്രതിദിന സർവീസ് മെയ് അവസാനവാരം തുടങ്ങും.

1999 ജൂൺ 10 ആണ് നെടുമ്പാശേരിയിൽ ആദ്യ യാത്രാവിമാനം ഇറങ്ങിയത്. ആദ്യ ധനകാര്യവർഷം അഞ്ച് ലക്ഷം പേർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോയി. തുടർന്നുള്ള 15 വർഷത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണത്തിൽ 15 മടങ്ങിലേറെ വളർച്ചയുണ്ടായി. 2003-04 മുതൽ സിയാൽ തുടർച്ചയായി ലാഭവിഹിതം നൽകിവരുന്നുണ്ട്. 2014-15 ധനകാര്യവർഷത്തോടെ മൊത്തം വിതരണം ചെയ്ത ലാഭവിഹിതം 153 ശതമാനമായി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി 2014-15 ധനകാര്യവർഷം 413.96 കോടി രൂപ വരുമാനവും 144.57 കോടി രൂപ ലാഭവും നേടി. 2015-16 ധനകാര്യവർഷത്തെ പ്രവർത്തനഫലം ഉടനെ പ്രഖ്യാപിക്കും.