ഐടിസി സിഗരറ്റ് ഫാക്ടറികൾ അടച്ചു

Posted on: April 3, 2016

ITC--Cigarette-brands-Big

കോൽക്കത്ത : സിഗരറ്റ് പായ്ക്കറ്റുകളിലെ ആരോഗ്യ മുന്നറിയിപ്പ് സംബന്ധിച്ച അവ്യക്തകളെ തുടർന്ന് ഐടിസി സിഗരറ്റ് ഉത്പാദനം നിർത്തിവച്ചു. കമ്പനിയുടെ അഞ്ച് സിഗരറ്റ് ഫാക്ടറികളും ഏപ്രിൽ ഒന്നു മുതൽ അടച്ചിട്ടു. ഗോഡ്‌ഫ്രെ ഫിലിപ്‌സ്, ഫിലിപ്പ് മോറീസ് ഇന്റർനാഷണൽ എന്നീ കമ്പനികളും ഉത്പാദനം നിർത്തിവച്ചിട്ടുണ്ട്. 10 ബില്യൺ ഡോളർ (67,000 കോടി രൂപ) വിറ്റുവരവുള്ള ഇന്ത്യൻ സിഗരറ്റ് വ്യവസായം ഇതോടെ പ്രതിസന്ധിയിലേക്ക് നീങ്ങി. ഉത്പാദനം പുനരാരംഭിക്കാൻ വൈകിയാൽ സിഗരറ്റ് ക്ഷാമത്തിനും കരിഞ്ചന്തയ്ക്കും വഴിവെക്കും.

ഇപ്പോൾ സിഗരറ്റ് പായ്ക്കറ്റിന്റെ മുൻഭാഗത്തെ 40 ശതമാനം ആരോഗ്യമുന്നറിയിപ്പിനായി നീക്കിവച്ചിട്ടുണ്ട്. എന്നാൽ മുന്നിലും പിന്നിലുമായി 50 ശതമാനം ഭാഗം ആരോഗ്യ മുന്നറിയിപ്പിനായി നീക്കിവെക്കണമെന്ന് പാർലമെന്ററി കമ്മിറ്റി നിർദേശിച്ചിരുന്നു. അതേസമയം സിഗരറ്റ് കവറിലെ 85 ശതമാനം ഭാഗത്ത് ചിത്രങ്ങൾ സഹിതമുള്ള മുന്നറിയിപ്പ് വേണമെന്നാണ് സർക്കാർ പുറത്തിറക്കിയ നോട്ടിഫിക്കേഷനിൽ പറയുന്നത്. പുകവലി മൂലം പ്രതിവർഷം 10 ലക്ഷം പേരാണ് ഇന്ത്യയിൽ മരണമടയുന്നതെന്നാണ് വിലയിരുത്തൽ.