യാത്രാ-ചരക്ക് നിരക്ക് വർധനയില്ല

Posted on: February 25, 2016

Railway-Budget-blue-Big

ന്യൂഡൽഹി : യാത്ര-ചരക്ക് നിരക്കുകൾ വർധിപ്പിക്കാതെ വികസനവും നവീകരണവും ലക്ഷ്യമിടുന്ന പദ്ധതികളുമായി കേന്ദ്രമന്ത്രി സുരേഷ് പ്രഭു റെയിൽവേ ബജറ്റ് അവതരിപ്പിച്ചു. 184,000 കോടി രൂപ വരുമാനവും 121,000 കോടി രൂപ മൂലധ നിക്ഷേപവും റെയിൽവേ ലക്ഷ്യമിടുന്നു. നിലവിലുള്ള വരുമാനമാർഗങ്ങൾ പ്രയോജനപ്പെടുത്തുന്നതോടൊപ്പം പുതിയ വരുമാനമാർഗങ്ങളും തേടുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത്-ചെങ്ങന്നൂർ സബർബൻ ലൈൻ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനെ പിൽഗ്രം സെന്ററായി ഉയർത്തും.

റെയിൽപാതകൾ

2,800 കിലോമീറ്ററിൽ പാത നിർമ്മിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് റെയിൽവേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. 2,000 കിലോമീറ്റർ പാത വൈദ്യുതീകരിക്കും. പ്രതിദിനം 7 കിലോമീറ്റർ എന്ന കണക്കിൽ 2016-17 ൽ 2,500 കിലോമീറ്റർ ബ്രോഡ്‌ഗേജ് പാത നിർമ്മിക്കും. 2018-19 പ്രതിദിനം 19 കിലോമീറ്റർ വീതം ബ്രോഡ്‌ഗേജ് പാത നിർമ്മിക്കും. 2020 ഓടെ എല്ലാ ലെവൽ ക്രോസിംഗുകളും ഒഴിവാക്കും.

ഇന്ത്യൻ റെയിൽവേ 2017-18 ൽ 9 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുമെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. സംസ്ഥാനസർക്കാരുകളുമായി ചേർന്ന് 44 പദ്ധതികൾ നടപ്പാക്കും. ടെൻഡർ നടപടികൾ ഈ വർഷം മുതൽ ഓൺലൈനാക്കും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ പാതകൾ നിർമ്മിക്കും. ചരക്കു നീക്കം സുഗമമാക്കാൻ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ പാതകൾ നിർമ്മിക്കും.

ട്രെയിൻ നവീകരണം

പാസഞ്ചർ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 50 ഉം എക്‌സ്പ്രസ് ട്രെയിനുകളുടെ സ്പീഡ് 80 കിലോമീറ്ററായും വർധിപ്പിക്കും. തിരക്കേറിയ റൂട്ടുകളിൽ ഡബിൾ ഡെക്കർ ട്രെയിനുകൾ ഏർപ്പെടുത്തും. തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 40,000 കോടി രൂപ മുടക്കി രണ്ട് എൻജിൻ ഫാക്ടറികൾ സ്ഥാപിക്കും. സ്വച്ഛഭാരത് മിഷന്റെ ഭാഗമായി 17,000 ബയോ ടോയ്‌ലറ്റകൾ സ്ഥാപിക്കും.

പുതിയ തീവണ്ടികൾ

സാധാരണക്കാർക്ക് റിസർവേഷനില്ലാതെ സഞ്ചരിക്കാൻ അന്ത്യോദയ ദീർഘദൂര തീവണ്ടികൾ ഏർപ്പെടുത്തും. യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോച്ചുകളുടെ എണ്ണം വർധിപ്പിക്കും. ഇതിലൂടെ 65,000 ബെർത്തുകൾ കൂടുതലായി ഉണ്ടാകും. സ്മാർട്ട്‌ഫോണിലൂടെ റിസർവേഷനില്ലാത്ത സാധാരണ ടിക്കറ്റ് എടുക്കാൻ മൊബൈൽ ആപ്പ്ും ഗോ ഇന്ത്യ സ്മാർ്ട്ട കാർഡും ഏർപ്പെടുത്തും. ഇ-ടിക്കറ്റിംഗ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തും.

സ്‌റ്റേഷൻ വികസനം

റെയിൽവേ നവീകരണത്തിന്റെ ഭാഗമായി 400 സ്‌റ്റേഷനുകളിൽ പിപിപി മോഡൽ വികസനം നടപ്പാക്കും. ഈ വർഷം 100 ഉം അടുത്തവർഷം 400 ഉം സ്റ്റേഷനുകളിൽ വൈഫൈ സൗകര്യം ഏർപ്പെടുത്തും. കോച്ചുകളിൽ ജിപിആർഎസ് സംവിധാനം ഏർപ്പെടുത്തും. കൂടുതൽ സ്റ്റേഷനുകളിൽ ഐആർസിടിസിയുടെ ഭക്ഷണവിതരണം. 2500 കുടിവെള്ള വിതരണ മെഷീനകുകൾ സ്ഥാപിക്കും.

മുതിർന്ന പൗരൻമാർക്ക് കരുതൽ

മുതിർന്ന പൗരൻമാർക്കുള്ള സീറ്റ് റിസർവേഷൻ 50 ശതമാനം കൂട്ടും. ലോവർ ബർത്തുകളിൽ മുതിർന്ന പൗരൻമാർക്ക് 50 ശതമാനം സംവരണം നൽകും. മുതിർന്ന പൗരൻമാർക്ക് സ്റ്റേഷനുകളിൽ ലിഫ്റ്റ് / എസ്‌കലേറ്റർ സൗകര്യം. മുതിർന്ന പൗരൻമാരുടെ സഹായത്തിന് സാരഥി പദ്ധതി ആവിഷ്‌കരിക്കും.

സുരക്ഷ

24 X 7 ഹെൽപ് ലൈനും റെയിൽവേ സ്റ്റേഷനുകളിൽ സിസിടിവിയും ഏർപ്പെടുത്തും. സ്ത്രീ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ലേഡീസ് കംപാർട്ട്‌മെന്റുകളുടെ സ്ഥാനം ട്രെയിനുകളുടെ മധ്യഭാഗത്തേക്ക് മാറ്റും. കുഞ്ഞങ്ങൾക്ക് തീവണ്ടികളിൽ പാലും ബേബി ഫുഡും ലഭ്യമാക്കും.

റെയിൽവേ പോർട്ടർമാർക്ക് പുതിയ യൂണിഫോം നൽകും. സഹായി എന്നാവും ഇനി പോർട്ടർമാർ അറിയപ്പെടുന്നത്. ഗുജറാത്തിലെ വഡോദരയിൽ റെയിൽവേ സർവകലാശാല സ്ഥാപിക്കും.