ക്വെസ്റ്റ് ഗ്ലോബലിൽ വിദേശനിക്ഷേപം

Posted on: February 22, 2016

QuEST-Global-Big

കൊച്ചി : ആഗോള എൻജിനീയറിംഗ് സൊല്യൂഷൻസ് ദാതാക്കളായ ക്വെസ്റ്റിൽ പ്രമുഖ നിക്ഷേപകസ്ഥാപനങ്ങളായ ബെയിൻ ക്യാപിറ്റൽ, ജി ഐ സി, അഡ്വന്റ് ഇന്റർനാഷണൽ എന്നിവർ മൂലധന നിക്ഷേപം നടത്തി. 350 മില്യൺ യു എസ് ഡോളർ മുതൽമുടക്കിയാണ് ക്വെസ്റ്റ് ന്റെ മൈനോറിറ്റി ഓഹരികൾ സ്വന്തമാക്കിയത്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിങ്കസ് മുഖേനയാണ് ഓഹരികൾ സ്വന്തമാക്കിയത്.
.

ഉപഭോക്താക്കൾക്കായി ഏറെ ശ്രദ്ധിക്കപ്പെടുന്ന, വിശ്വസനീയതയുള്ള ആഗോള എൻജിനീയറിംഗ് പങ്കാളി എന്നതായിരുന്നു ക്വെസ്റ്റ് ആരംഭിക്കുമ്പോഴുണ്ടായിരുന്ന സ്വപ്‌നമെന്ന് ക്വെസ്റ്റ് സഹ സ്ഥാപകനും ചെയർമാനും സിഇഒ യുമായ അജിത് പ്രഭു പറഞ്ഞു. ആഗോള പ്രശസ്തരായ മൂന്ന് കമ്പനികൾ ഓഹരി ഉടമകളായത് തങ്ങളുടെ വിശ്വസനീയതയ്ക്ക് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി തങ്ങളുടെ ബിസിനസ് പങ്കാളിയും ചാലക ശക്തിയുമാണ് വാർബർഗ് പിങ്കസ് എന്നും അജിത് പ്രഭു പറഞ്ഞു.

ക്വെസ്റ്റ് കമ്പനിയുടെ വ്യത്യസ്തമാർന്ന ബിസിനസ് മേഖലയും മികച്ച ട്രാക്ക് റെക്കോഡും വിശ്വസനീയതയുമാണ് അവരുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രേരകമായതെന്ന് ബെയിൻ ക്യാപിറ്റൽ പ്രൈവറ്റ് ഇക്വിറ്റി എംഡി പവൻ സിംഗ്, ജി ഐ സി ഏഷ്യ പ്രൈവറ്റ് ഇക്വിറ്റി മേധാവി മാവെരിക് വോ, അഡ്വന്റ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ശ്വേത ജലാൻ എന്നിവർ അഭിപ്രായപ്പെട്ടു.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ക്വെസ്റ്റ് വിപണി സാന്നിധ്യം ശക്തമാക്കിയതെന്നും യാത്രയിൽ അവരോടൊപ്പം പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും വാർബർഗ് പിങ്കസ് ഇന്ത്യ സഹ മേധാവി വിശാൽ മഹാദേവ്യ പറഞ്ഞു.