ഗെയിൽ പൈപ്പ്‌ലൈനെ അനുകൂലിക്കില്ലെന്ന് ജയലളിത

Posted on: August 17, 2014

Jayalalitha-CS

തമിഴ്‌നാട്ടിലൂടെ നടപ്പാക്കാൻ ഉദേശിക്കുന്ന ഗെയിലിന്റെ കൊച്ചി- ബംഗളുരു വാതകപൈപ്പ്‌ലൈൻ പദ്ധതിയെ അനുകൂലിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് ജയലളിത തന്റെ നിലപാട് വ്യക്തമാക്കിയത്.

പദ്ധതി നടപ്പാക്കുന്നതു തടഞ്ഞ തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് നേരത്തെ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മദ്രാസ് ഹൈക്കോടതിയുടെ നടപടിക്ക് എതിരെ സുപ്രീംകോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിരുന്നു. കൃഷി ഭൂമിയിലൂടെ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ സംഘർഷത്തിനു കാരണമാകുമെന്നു തമിഴ്‌നാട് നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൊച്ചിയിൽ നിന്ന് ബംഗളുരുവിലേക്കുള്ള 505 കിലോമീറ്റർ പൈപ്പുലൈൻ വഴി പ്രകൃതിവാതകം എത്തിക്കാനുള്ള പദ്ധതി എതിർപ്പുകൾ മൂലം മുടങ്ങിക്കിടക്കുകയാണ്. മംഗലാപുരം, ബംഗളുരു, ചെന്നൈ പൈപ്പുലൈനുകൾ യാഥാർത്ഥ്യമായാൽ മാത്രമെ പുതുവൈപ്പ് എൽഎൻജി ടെർമിനലിനും നിലനിൽപ്പുള്ളു. ഇതിനിടെ പദ്ധതിയിൽ നിന്നു പിൻമാറാൻ ആലോചിക്കുകയാണെന്നു ഗ്യാസ് അഥോറിട്ടി ഓഫ് ഇന്ത്യ (ഗെയിൽ) കേന്ദ്രസർക്കാരിനെ അറിയിച്ചു കഴിഞ്ഞു.