400 റെയിൽവേ സ്‌റ്റേഷനുകളിൽ ഗൂഗിൾ വൈ ഫൈ

Posted on: December 5, 2015

Google-Wi-Fi-Big

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയുടെ 400 സ്റ്റേഷനുകളിൽ വൈ ഫൈ സൗകര്യം ഏർപ്പെടുത്താൻ ഗൂഗിളുമായി ധാരണ. ഇതു സംബന്ധിച്ച കരാറിൽ റെയിൽടെല്ലും ഗൂഗിൾ സബ്‌സിഡയറിയായ മഹാതാ ഇൻഫർമേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പുവച്ചു. പദ്ധതിയുടെ ചെലവ് ഇരു കമ്പനികളും തുല്യമായി പങ്കുവയ്ക്കും. എ 1, എ വിഭാഗങ്ങളിലുള്ള 100 സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ വൈ ഫൈ ഏർപ്പെടുത്തുന്നത്.

രണ്ടാംഘട്ടത്തിൽ 300 സ്റ്റേഷനുകളിലേക്കും കൂടി പദ്ധതി വ്യാപിപ്പിക്കും. പ്രതിവർഷം 60 കോടിക്കു മേൽ ടിക്കറ്റ് വരുമാനമുള്ള സ്‌റ്റേഷനുകളാണ് എ 1 വിഭാഗത്തിൽ ഉൾപ്പെടുന്നത്. പ്രതിവർഷം 8 കോടിക്കും 60 കോടിക്കും മധ്യേയുള്ളവ എ വിഭാഗം സ്‌റ്റേഷനുകളായി പരിഗണിക്കപ്പെടുന്നു.