ഗൾഫ് എയർലൈനുകൾ ഇന്ത്യയിൽ വൻ വികസനത്തിന്

Posted on: August 7, 2015

Gulf-Big-3-big

ദുബായ് : എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തർ എയർവേസ് എന്നീ വിമാനക്കമ്പനികൾ ഇന്ത്യയിൽ വൻ വികസനത്തിന് ഒരുങ്ങുന്നു. നടപ്പുവർഷം രണ്ടാം പകുതിയിൽ മൂന്ന് കമ്പനികളും കൂടി 1903 സീറ്റുകൾ വർധിപ്പിക്കാനാണ് ഒരുങ്ങുന്നത്. യുഎസും യുകെയും കഴിഞ്ഞാൽ ഏറ്റവും വളർച്ചാ സാധ്യതയുള്ള വിപണിയായാണ് ഗൾഫ് വിമാനക്കമ്പനികൾ ഇന്ത്യയെ കാണുന്നത്. ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കുള്ള സർവീസുകൾ നിയന്ത്രിക്കുന്നത് ഇത്തിഹാദും – ജെറ്റ് എയർവേസും ചേർന്നുള്ള സഖ്യമാണ്.

എമിറേറ്റ്‌സ് മുംബൈക്ക് പുറമെ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് എ 380 സർവീസ് വ്യാപിപ്പിക്കാൻ തയാറെടുക്കുകയാണ്. ഡൽഹി, ഹൈദരാബാദ്, ബംഗലുരു എയർപോർട്ടുകളും എ 380 സർവീസിന് അനുയോജ്യമാണ്. നേരിയ മാറ്റങ്ങൾ വരുത്തിയാൽ കൊച്ചിയിലും എ 380 വിമാനങ്ങൾക്ക് ലാൻഡിംഗ് സാധ്യമാകും. ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്ന് യുഎസ്, യുകെ സെക്ടറുകളിലേക്ക് കൂടുതൽ ഓൺവാർഡ് യാത്രക്കാരെ ലഭിക്കുന്നുണ്ടെന്നുള്ളതും ഇന്ത്യയിലെ വികസനം ഗൾഫ് വിമാനക്കമ്പനികൾക്ക് അനിവാര്യമാക്കുന്നു.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാരുടെ കുറവാണ് യുഎസ്, യൂറോപ്പ് വിമാനക്കമ്പനികളെ ഇന്ത്യൻ ഡെസ്റ്റിനേഷനുകളിൽ നിന്ന് അകറ്റുന്നത്.

ഖത്തർ എയർവേസ് കൂടുതൽ ഇന്ത്യൻ ഡെസ്റ്റിനേഷനുകളിലേക്ക് വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഒപ്പം എന്തെങ്കിലും ഒരു ഇന്ത്യൻ വിമാനക്കമ്പനിയെ ഏറ്റെടുക്കുന്ന കാര്യവും ഖത്തർ എയർവേസ് പരിഗണിച്ചുവരികയാണ്. 12 ഇന്ത്യൻ നഗരങ്ങളിലേക്കായി പ്രതിവാരം 95 പാസഞ്ചർ ഫ്‌ലൈറ്റുകളും ഏഴ് നഗരങ്ങളിലേക്ക് 25 ഫ്രൈറ്റർ സർവീസുകളുമാണ് ഖത്തർ എയർവേസ് ഓപറേറ്റ് ചെയ്യുന്നത്.