മൊബൈൽ ഉത്പാദനം 13 കോടി പിന്നിട്ടു

Posted on: January 8, 2017

ന്യൂഡൽഹി : ഇന്ത്യയിലെ മൊബൈൽ ഉത്പാദനം പ്രതിവർഷം 13 കോടി യൂണിറ്റുകൾ പിന്നിട്ടതായി ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. മുൻ വർഷം ആറ് കോടിയായിരുന്നു ഉത്പാദനം. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് 42 മൊബൈൽ നിർമാണകമ്പനികൾ പ്ലാന്റുകൾ തുറന്നു. 2014 ന് ശേഷം മൊബൈൽ നിർമാണരംഗത്ത് നേരിട്ടുള്ള ഒരു ലക്ഷവും അല്ലാതെ മൂന്ന് ലക്ഷവും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി മന്ത്രി വ്യക്തമാക്കി.

ചൈനീസ് കമ്പനികളായി ജിയോനി, ഷവോമി, വിവോ, ഒപ്പോ, ലീ ഇക്കോ, ഇന്ത്യൻ കമ്പനികളായ കാർബൺ, ലാവ, മൈക്രോമാക്‌സ്, ഇന്റെക്‌സ്, ജിവി, ഐടെൽ, എംടെക് തുടങ്ങിയ കമ്പനികളാണ് പുതിയ പ്ലാന്റുകൾ ആരംഭിച്ചിട്ടുള്ളത്. നോയിഡ, ഗ്രേറ്റർ നോയിഡ മേഖലയിലാണ് 25 മൊബൈൽ നിർമാണ കമ്പനികളും പ്രവർത്തിക്കുന്നത്. ആപ്പിൾ ഈ വർഷം ഇന്ത്യ ഐഫോണുകളുടെ ഉത്പാദനം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്.