പാനസോണിക്കിന് 10,000 കോടിയുടെ വിറ്റുവരവ് ലക്ഷ്യം

Posted on: July 25, 2015

Panasonic-blue-logo-big

ന്യൂഡൽഹി : പാനസോണിക് 2016-17 ൽ ഇന്ത്യയിൽ നിന്നും 10,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു. മൊബൈൽ ഹാൻഡ്‌സെറ്റ് വില്പനയിലെ കുതിപ്പാണ് പാനസോണിക്കിന്റെ വളർച്ചയ്ക്ക് വഴിതെളിക്കുന്നത്. നിലവിൽ വിറ്റുവരവിന്റെ 35 ശതമാനവും മൊബൈൽ വില്പനയിൽ നിന്നാണ്. മൊബൈലിന് പുറമെ കൺസ്യൂമർ ഇലക്ട്രോണിക്‌സ്, എനർജി സ്‌റ്റോറേജ് എന്നീ ബിസിനസുകൾക്കാണ് ഊന്നൽ നൽകുന്നത്. പാനസോണിക്കിന്റെ ആഗോളവില്പനയുടെ രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്നു ലഭിക്കുന്നത്.

നടപ്പുവർഷം (2015-16) 7000 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ മനീഷ് ശർമ്മ പറഞ്ഞു. നേരത്തെ ഏറ്റെടുത്ത ആങ്കർ ഇലക്ട്രിക്കൽസിൽ നിന്നുള്ള വരുമാനം ഉൾപ്പെടുത്താതെയാണിത്. മൊബൈൽ വില്പനയിൽ നിന്ന് മാത്രം 2000 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മനീഷ് ശർമ്മ ചൂണ്ടിക്കാട്ടി.

അടുത്ത 9 മാസത്തിനുള്ളിൽ ഇന്ത്യയിൽ സ്വന്തമായി ഹാൻഡ്‌സെറ്റ് നിർമാണം ആരംഭിക്കും. ഇപ്പോൾ കാർബൺ മൊബൈൽസാണ് പാനസോണിക്കിനു വേണ്ടി മൊബൈലുകൾ നിർമ്മിക്കുന്നത്. കാർബൺ ഉടമകളായ ജയ്‌ന മാർക്കറ്റിംഗ് പാനസോണിക് ഫോണുകളുടെ വിതരണവും നിർവഹിച്ചുവരുന്നു. കൂടുതൽ 4ജി ഫോണുകൾ അവതരിപ്പിക്കാൻ പാനസോണിക് തയാറെടുക്കുകയാണെന്നും മനീഷ് ശർമ്മ വ്യക്തമാക്കി.