ലുപിൻ രണ്ട് യുഎസ് മരുന്നുകമ്പനികളെ ഏറ്റെടുത്തു

Posted on: July 24, 2015

Lupin-building-Big

മുംബൈ : യുഎസ് വിപണിയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഫാർമ കമ്പനിയായ ലുപിൻ രണ്ട് അമേരിക്കൻ മരുന്നു കമ്പനികളെ ഏറ്റെടുത്തു. ഗാവിസ് ഫാർമസ്യൂട്ടിക്കൽസും നോവൽ ലബോറട്ടറീസും ഏറ്റെടുക്കാൻ 880 മില്യൺ ഡോളറാണ് (5625 കോടി രൂപ) മുതൽമുടക്ക്. വായ്പബാധ്യതകൾ ഇല്ലാതെയാണ് ലുപിൻ ഏറ്റെടുക്കൽ നടത്തുന്നത്. ഇന്ത്യൻ വംശജനായ വീരപ്പൻ സുബ്രഹ്മണ്യനാണ് ഗാവിസിന്റെ സ്ഥാപകനും സിഇഒയും.

ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ഗാവിസ് ഇനി ലുപിന്റെ യുഎസിലെ മരുന്നു നിർമാണ കേന്ദ്രമായി മാറും. ഗാവിസിന്റെ ഉന്നതനിലവാരമുള്ള ആർ & ഡി കേന്ദ്രവും ലുപിൻ സ്വന്തമാകും. ഗാവിസ് ഫാർമസ്യൂട്ടിക്കൽസ് 2014 ൽ 96 മില്യൺ ഡോളർ വിറ്റുവരവ് നേടിയിട്ടുണ്ട്. യുഎസ്എഫ്ഡിഎയുടെ അനുമതിക്കായി 66 ഉത്പന്നങ്ങൾ ഗാവിസ് സമർപ്പിച്ചിട്ടുണ്ട്. കൂടാതെ 65 ഉത്പന്നങ്ങൾ വികസിപ്പിച്ചുവരുന്നുമുണ്ട്. ഇനി യുഎസ് വിപണിയിൽ ഗാവിസിനും ലുപിനും കൂടി 101 ഉത്പന്നങ്ങളുണ്ടാകും. 164 ഉത്പന്നങ്ങൾ അനുമതിക്കായി യുഎസ്എഫ്ഡിഎക്ക് സമർപ്പിച്ചിട്ടുണ്ട്.