ടാറ്റാ മോട്ടോഴ്‌സ് 38,800 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു

Posted on: July 18, 2015

Jaguar-Land-Rover-products-

മുംബൈ : ടാറ്റാ മോട്ടോഴ്‌സ് നടപ്പുവർഷം വികസനപ്രവർത്തനങ്ങൾക്കായി 38,800 കോടി രൂപയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. പുതിയ ഉത്പന്നങ്ങൾ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായിരിക്കും നിക്ഷേപം നടത്തുന്നത്. ബ്രിട്ടീഷ് സബ്‌സിഡയറിയായ ജാഗ്വർ ലാൻഡ്‌റോവറിന്റെ എൻജിനീയറിംഗ് – ഡിസൈൻ കേന്ദ്രങ്ങളുടെ വികസനവും ടാറ്റാ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നു. 2014-15 ൽ വികസനത്തിനായി 34,889 കോടി രൂപയാണ് ചെലവഴിച്ചത്. എല്ലാ വർഷവും രണ്ട് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ടാറ്റാ മോട്ടോഴ്‌സ്.

ടാറ്റാ മോട്ടോഴ്‌സ് ഈ വർഷം എൻസിഡികളുടെ പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി 4,400 കോടി രൂപ സമാഹരിക്കും. ഓഗസ്റ്റ് 13 ന് ചേരുന്ന വാർഷിക പൊതുയോഗത്തിൽ എൻസിഡി ഇഷ്യുവിന് ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചേക്കും. 2014-15 ൽ ടാറ്റാ മോട്ടോഴ്‌സ് 2,63,695 കോടി രൂപയുടെ വരുമാനം നേടി.