ടാറ്റാ മോട്ടോഴ്‌സ് പ്രതിരോധ ബിസിനസ് ഇരട്ടിയാക്കും

Posted on: July 12, 2015

Tata-Motors-Army-Trucks-bigമുംബൈ : ടാറ്റാ മോട്ടോഴ്‌സ് പ്രതിരോധ മേഖലയ്ക്കു വേണ്ടിയുള്ള വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും ഉത്പാദനം ഇരട്ടിയായി വർധിപ്പിക്കാൻ ഒരുങ്ങുന്നു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഡിഫൻസ് ബിസിനസിൽ നിന്നുള്ള വരുമാനം 3,000 കോടി രൂപയായി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 1,500 കോടി രൂപയുടെ ഓർഡറുകൾ കൈവശമുണ്ടെന്ന് വൈസ് പ്രസിഡന്റ് (ഡിഫൻസ് ആൻഡ് ഗവൺമെന്റ് ബിസിനസ്) വെർനോൺ നെറോണ പറഞ്ഞു.

1200 ഹൈ മൊബിലിറ്റി 6 X 6 മൾട്ടി ആക്‌സിൽ ട്രക്കുകൾക്കുള്ള ഓർഡർ കരസേനയിൽ നിന്നു ലഭിച്ചിരുന്നു. മൊത്തം 914 കോടി രൂപ വില വരുന്ന ട്രക്കുകൾ 24 മാസത്തിനുള്ളിൽ വിതരണം ചെയ്യണം. രാജ്യത്തെ ഒരു സ്വകാര്യ കമ്പനിക്കു ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിതെന്ന് നെറോണ ചൂണ്ടിക്കാട്ടി. ഭാരത് എർത്ത് മൂവേഴ്‌സ്, മാൻ ഗ്രൂപ്പ് എന്നിവയുമായി മത്സരിച്ചാണ് ഈ കരാർ നേടിയത്. ടാറ്റാ മോട്ടോഴ്‌സ് 1958 ന് ശേഷം ഒരു ലക്ഷത്തിലേറെ വാഹനങ്ങൾ പ്രതിരോധ മേഖലയ്ക്ക് വിതരണം ചെയ്തിട്ടുണ്ട്.