കുവൈറ്റ് എയർവേസ് ചെയർമാന് സസ്‌പെൻഷൻ

Posted on: November 26, 2013

Kuwait-Airways

ഇന്ത്യയിലെ ജെറ്റ് എയർവേസിൽ നിന്നും അഞ്ചു എയർബസ് എ330 വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങിയ കുവൈറ്റ് എയർവേസ് ചെയർമാൻ സാമി അബ്ദുൾ ലത്തീഫ് അൽ-നിസ്ഫിനെ സസ്‌പെൻഡ് ചെയ്തു. ഞായറാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയ നിസ്ഫിനെ കുവൈറ്റ് ട്രാൻസ്‌പോർട്ട് മന്ത്രി തൽസ്ഥാനത്തു നിന്നു നീക്കാൻ ഉത്തരവിടുകയായിരുന്നു. ജെറ്റുമായുള്ള ഇടപാടുകളും മരവിപ്പിച്ചു. വിമാനങ്ങൾ ലീസിനെടുക്കുന്നതിനു പകരം വിലയ്ക്കു വാങ്ങാനാണ് മുൻ ചെയർമാൻ ശ്രമിച്ചത്.

Kuwait-Airways-Sami-Al-nesi

എയർബസ് വിമാനങ്ങളാണ് കുവൈറ്റ് എയർവേസ് കൂടുതലായി ഉപയോഗിച്ചുവരുന്നത്. എയർബസിൽ നിന്നും 25 പുതിയ വിമാനങ്ങൾ വാങ്ങാൻ അടുത്തയിടെയാണ് കരാർ ഒപ്പുവച്ചത്. എ350-900, എ350-1000, എ 320നിയോ വിഭാഗങ്ങളിൽപ്പെട്ട പുതിയ വിമാനങ്ങൾ 2019 മുതൽ ഡെലിവറി ലഭിച്ചുതുടങ്ങും. ഇതിനിടെയാണ് പുതിയ വിവാദം.

നഷ്ടത്തിലോടിയിരുന്ന ഏതാനും ദീർഘദൂര സർവീസുകൾ മാസങ്ങൾക്കു മുമ്പ് ജെറ്റ് എയർവേസ് നിർത്തലാക്കിയിരുന്നു. ഈ റൂട്ടുകളിൽ ഉപയോഗിച്ചിരുന്ന അഞ്ച് എ330 എയർബസ് വിമാനങ്ങൾ കുവൈറ്റ് എയർവേസിനു വിൽക്കാനുള്ള ശ്രമത്തിലായിരുന്നു ജെറ്റ് എയർവേസ്. ജോഹന്നാസ്‌ബെർഗ്, മിലാൻ, ന്യൂയോർക്ക് ഫ്‌ളൈറ്റുകൾ പിൻവലിച്ചതിലൂടെ 2012-13 ൽ 96 കോടി രൂപ കമ്പനിക്കു നഷ്ടം വന്നിരുന്നു.