പുറവങ്കര പ്രോജക്ട്‌സിൽ പുനസംഘടന

Posted on: May 22, 2015

Ashish-Puravankara-big

ബംഗലുരു : പ്രമുഖ റിയൽഎസ്റ്റേറ്റ് ഡവലപ്‌മെന്റ് സ്ഥാപനമായ പുറവങ്കര പ്രോജക്ട്‌സിൽ പുനസംഘടന. അടുത്ത ദശാബ്ദത്തിന് അനുയോജ്യമായ വികസന തന്ത്രങ്ങളും നേതൃഘടനയും സമന്വയിപ്പിച്ച് വിഷൻ 2020 നു കമ്പനി രൂപം നൽകി. ആശിഷ് പുറവങ്കരയാണ് പുതിയ മാനേജിംഗ് ഡയറക്ടർ. ആശിഷിന്റെ കരുത്താർന്ന നേതൃത്വത്തിൽ ഗ്രൂപ്പ് പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് ചെയർമാൻ രവി പുറവങ്കര പ്രതീക്ഷ പ്രകടിപ്പിച്ചു. ഡെപ്യൂട്ടി എംഡി ആയിരുന്ന നാനി ചോക്‌സി ജോയിന്റ് എംഡി ആയി നിയമിതനായി. ഗ്രൂപ്പ് സിഇഒ ആയിരുന്ന ജാക്ബാസ്റ്റ്യൻ നസറേത്തിനെ ബിസിനസ് വികസനത്തിന്റെ മുഖ്യചുമതലയുള്ള ചീഫ് ഡെവലപ്‌മെന്റ് ഒഫീസറായും നിയമിച്ചു.

നാലു പതിറ്റാണ്ടത്തെ പ്രവർത്തന ചരിത്രം സ്വന്തമായുള്ള ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വികസന ശേഷി അടുത്ത 5 വർഷത്തിനുള്ളിൽ മൂന്നു മടങ്ങ് വർധിപ്പിക്കുകയാണു ലക്ഷ്യം. ആധുനിക സംവിധാനങ്ങളിലൂടെ എല്ലാ രംഗങ്ങളിലെയും കാര്യക്ഷമത ഉയർത്താനും ലാഭം വർധിപ്പിക്കാനും കഴിയുമെന്ന പ്രതീക്ഷയും ഗ്രൂപ്പിനുണ്ട്.

പുറവങ്കര ഗ്രൂപ്പ് നിലവിൽ സജീവമായ ബംഗലുരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, മുംബൈ എന്നീ നഗരങ്ങളിൽ വൻ തോതിൽ ബിസിനസ് വർദ്ധിപ്പിക്കാനുള്ള പദ്ധതികൾക്കു രൂപം നൽകിയിട്ടുണ്ട്. ലക്ഷ്വറി വിഭാഗത്തിൽ പുറവങ്കര പ്രോജക്റ്റ്‌സ് ലിമിറ്റഡിനും പ്രീമിയം അഫോർഡബിൾ വിഭാഗത്തിൽ പ്രവിഡന്റ് ഹൗസിംഗ് ലിമിറ്റഡിനും ആയിരിക്കും ബിസിനസ് ചുമതല. കൺസ്ട്രക്ഷൻ പ്രവർത്തനങ്ങൾ ഇനി മുതൽ ഔട്ട്‌സോഴ്‌സ് ചെയ്യും. എന്നാൽ പ്രോജക്ട് മാനേജ്‌മെന്റ് ഇൻഹൗസായി നിർവഹിക്കും.

PURAVA-Windermer-Big

പുറവങ്കര പ്രോജക്ട്‌സിന്റെയും സബ്‌സിഡയറിയായ പ്രോവിഡന്റ് ഹൗസിംഗിന്റെയും സെയിൽ, മാർക്കറ്റിംഗ്, കസ്റ്റമർ റിലേഷൻ മാനേജ്‌മെന്റ്, പ്രോജക്ട് എക്‌സിക്ക്യൂഷൻ തുടങ്ങിയ വിഭാഗങ്ങൾ സംയോജിപ്പിക്കും. അഫോഡബിൾ ഹൗസിംഗ് മേഖലയിലാണ് പ്രോവിഡന്റ് ഹൗസിംഗിന്റെ പ്രവർത്തനം.

2020 ൽ 13.3 ദശലക്ഷം ചതുരശ്രയടി നിർമിതിയുടെ വിപണനമാണ് പുറവങ്കര ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ആഷിഷ് പുറവങ്കര പറഞ്ഞു. നടപ്പുവർഷം 4 ദശലക്ഷം ചതുരശ്രയടി വില്പനയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം 3 ദശലക്ഷം ചതുരശ്രയടിയായിരുന്നു വില്പന.

48 ടോപ് എക്‌സിക്യൂട്ടീവ്‌സിന്റെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുറവങ്കര 2014-15 ധനകാര്യവർഷം 1310.20 കോടി രൂപ വിറ്റുവരവും 132.73 കോടി രൂപ അറ്റാദായവും നേടി. മുൻവർഷം വിറ്റുവരവ് 1677.72 കോടിയും അറ്റാദായം 159.98 കോടിയുമായിരുന്നു.