കോവിഡ് 19: പൊതുജനങ്ങള്‍ക്ക് പിന്തുണയുമായി യെസ് ബാങ്ക്

Posted on: May 1, 2020

കൊച്ചി: കോവിഡ് 19 സാഹചര്യത്തില്‍ പൊതുജനങ്ങളെ പിന്തുണയ്ക്കുന്നതിന് സര്‍ക്കാരുമായും ആരോഗ്യ സംവിധാനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങി യെസ് ബാങ്ക്. നിലവിലെ ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ദിവസ വേതന തൊഴിലാളികള്‍ക്കും, കുടിയേറ്റ തൊഴിലാളികള്‍ക്കും, താഴ്ന്ന വരുമാനക്കാര്‍ക്കും, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ഭക്ഷണം പാചകം ചെയ്തു നല്‍കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി അക്ഷയ പത്രയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഈ പിന്തുണയുടെ അടിസ്ഥാനത്തില്‍ അക്ഷയ പത്രയുടെ കോവിഡ് 19 റിലീഫ് ഫീഡിങ് പ്രോഗ്രാമിലേക്ക് സംഭാവന നല്‍കുന്നതിന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ റിവാര്‍ഡ് പോയിന്റുകള്‍ വീണ്ടെടുക്കാന്‍ യെസ് ബാങ്ക് സംവിധാനമൊരുക്കി. ഉപയോക്താക്കള്‍ക്ക് യഥാക്രമം 10, 20, 40 എന്നിങ്ങനെ മൂന്ന് ഭക്ഷണ പാക്കേജുകളെ പിന്തുണയ്ക്കുന്നതിന് www.yesrewardz.comവഴി 250, 500, 1000 രൂപയുടെ റിവാര്‍ഡ് പോയിന്റുകള്‍ റിഡീം ചെയ്യാം. എല്ലാ സംഭാവനകള്‍ക്കും സെക്ഷന്‍ 80 (ജി) പ്രകാരം അമ്പത് ശതമാനം നികുതിയിളവ് ലഭിക്കും. ഇളവ് ക്ലെയിം ചെയ്യുന്നതിന്, കാര്‍ഡ് മെമ്പര്‍മാര്‍ക്ക് പേര്, പാന്‍ കാര്‍ഡ് നമ്പര്‍, ഇടപാട് തീയതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ [email protected] ലേക്ക് അയക്കാം.

കോവിഡ് 19 പ്രതികൂലമായി ബാധിച്ചവരെ പിന്തുണയ്ക്കുന്നതിന് ഭരണകൂടങ്ങളുമായും സാമൂഹ്യസേവന ദാതാക്കളുമായു തുടര്‍ന്നും ഞങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും യെസ് ബാങ്ക് എംഡിയും സിഇഒയുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു.

TAGS: Yes Bank |