വിമാന നിരക്കുകള്‍ കുത്തനെ കൂട്ടി

Posted on: September 16, 2021

മുംബൈ ; കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിമാനടിക്കറ്റ് നിരക്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണ പരിധി ഉയര്‍ത്തിയതോടെ ആഭ്യന്തര നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു.

പുതിയ സാഹചര്യത്തില്‍ മൂന്നുപേര്‍ വരുന്ന കുടുംബത്തിന് കൊച്ചിയില്‍നിന്ന് ഡല്‍ഹിയിലേക്കും 15 ദിവസത്തിനകം തിരിച്ചുമുള്ള യാത്രയ്ക്ക് 60,000 രൂപയ്ക്കടുത്ത് ടിക്കറ്റിനായി ചെലവിടേണ്ടിവരും. ഒക്ടോബര്‍ 13 വരെ ഈ റൂട്ടില്‍ 9,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്.

മുമ്പ് 5,000 രൂപ മുതല്‍ 7,000 രൂപ വരെ നിരക്കില്‍ ഈ റൂട്ടില്‍ ടിക്കറ്റ് ലഭിച്ചിരുന്നു. കൊച്ചി- മുംബൈ നിരക്ക് 5,900 രൂപയ്ക്കടുത്താണ്. മൂന്നാഴ്ചവരെ ടിക്കറ്റ് മുന്‍കൂട്ടിയെടുത്താലും സ്ഥിതിയിതാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ മെട്രോ നഗരങ്ങള്‍ക്കിടയിലുള്ള വിമാനനിരക്കില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ട്.

ഓഗസ്റ്റിലാണ് വിമാനനിരക്കിന് നിശ്ചയിച്ചിരുന്ന പരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. വിമാനങ്ങളില്‍ 72.5 ശതമാനം വരെ സീറ്റുകള്‍ക്ക് ടിക്കറ്റ് നല്‍കാനും കമ്പനികളെ അനുവദിച്ചിട്ടുണ്ട്.

TAGS: Airline |