വിമാനസർവീസ് : കർശനനടപടികളുമായി എയർലൈനുകൾ

Posted on: July 29, 2014

Ben-gurion-airport

അടുത്തയിടെ തുടർച്ചയായി സംഭവിച്ച വിമാനദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ അതീവ കർശനമാക്കാൻ വിമാനക്കമ്പനികൾ നീക്കം തുടങ്ങി. ആഭ്യന്തര യുദ്ധം രൂക്ഷമായ മേഖലകളിലൂടെയുള്ള പറക്കൽ ഒഴിവാക്കുക, വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധന കർശനമാക്കുക തുടങ്ങിയ തീരുമാനങ്ങളാണ് പുതുതായി കൈക്കൊണ്ടിട്ടുള്ളത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പുനരവലോകനം ചെയ്യാൻ വ്യോമമേഖലയിലുള്ളവരുടെ ഉന്നതതല യോഗം വിളിച്ചുകൂട്ടാൻ ഒരുങ്ങുകയാണ് മോൺട്രിയോൾ ആസ്ഥാനമായുള്ള ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ.

ഉക്രൈനിലെ കീവിലേക്കുള്ള സർവീസ് എമിറേറ്റ്‌സ് നിർത്തിവച്ചു. വിമതപോരാട്ടം നടക്കുന്ന ഇറാക്കിന്റെ വ്യോമാതിർത്തി ഒഴിവാക്കി പുതിയ സഞ്ചാരപഥം നിർണയിക്കുമെന്നും എമിറേറ്റ്‌സ് വക്താവ് പറഞ്ഞു. ദുബായിൽ നിന്ന് യൂറോപ്പിലെ വിവിധ ഡെസ്റ്റിനേഷനുകളിലേക്ക് നിരവധി പ്രതിദിന ഫ്‌ളൈറ്റുകൾ എമിറേറ്റ്‌സിനുണ്ട്. എന്നാൽ ഉക്രൈൻ വ്യോമാതിർത്തിക്കുള്ളിലൂടെ തങ്ങളുടെ വിമാനങ്ങൾ പറക്കുന്നില്ലെന്നും എമിറേറ്റ്‌സ് വൃത്തങ്ങൾ പറഞ്ഞു.

എയർഫ്രാൻസ് ഇസ്രായേലിലെ ടെൽഅവീവിലേക്കുള്ള ഫ്‌ളൈറ്റുകൾ താത്കാലികമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ലുഫ്താൻസയും എയർബെർലിനും അൽഇറ്റാലിയയും ടെൽഅവീവ് ഫ്‌ളൈറ്റുകൾ കാൻസലേഷൻ നടത്തുകയാണ്. ടെൽഅവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒഴിവാക്കാനാണ് യൂറോപ്യൻ ഏവിയേഷൻ സേഫ്ടി ഏജൻസിയുടെ നിർദേശം.

യൂറോപ്പ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽനിന്നും അമേരിക്കയിലേക്കുള്ള വിമാന സർവീസുകളിലെ സുരക്ഷാ പരിശോധന കർശനമാക്കി. എയർപോർട്ട് സ്‌ക്രീനിംഗിൽ കാണാൻ സാധിക്കാത്തവിധം എക്‌സ്‌പ്ലോസീവ് സാങ്കേതിക വിദ്യ ഭീകരർ വികസിപ്പിച്ചെടുത്തതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷാ പരിശോധന കർശനമാക്കിയതെന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന് ഹോം ലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ജെ. ജോൺസൺ വ്യക്തമാക്കി. യാത്രക്കാർ ധരിക്കുന്ന ഷൂ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതിന് പ്രത്യേകം സ്‌കാനറുകൾ തയാറാക്കിയിട്ടുണെ്ടന്നും സെക്രട്ടറി അറിയിച്ചു.