കൊച്ചി-ബെംഗലൂരു അടക്കമുള്ള സര്‍വീസുകളുമായി എയര്‍ഏഷ്യ ഇന്ത്യയുടെ സേവനം വിപുലമാക്കുന്നു

Posted on: November 13, 2020

കൊച്ചി: ബെംഗലൂരുവിനെ കൊച്ചിയുമായും കൊല്‍ക്കൊത്തയുമായും ബന്ധിപ്പിക്കുന്ന ഡെയിലി ഫ്‌ളൈറ്റുകള്‍ അടക്കമുള്ള പുതിയ സര്‍വീസുകള്‍ക്ക് എയര്‍ഏഷ്യ ഇന്ത്യ തുടക്കം കുറിച്ചു. ബെംഗലൂരു വഴി കൊച്ചിക്കും കൊല്‍ക്കൊത്തയ്ക്കും ഇടയിലുള്ള വിമാന സൗകര്യവും ഇതോടെ ലഭ്യമാകും. ബാഗ്‌ദോഗ്രയ്ക്കും കൊല്‍ക്കൊത്തയ്ക്കും ഇടയിലുള്ള അധിക സര്‍വ്വീസുകള്‍, ഹൈദരാബാദിനും ഗോവയ്ക്കും ഇടയിലുള്ള പുതിയ റൂട്ട് എന്നിവയും എയര്‍ഏഷ്യ അവതരിപ്പിച്ചിട്ടുണ്ട്.

യാത്രക്കാരുടെ വര്‍ധനവും അവധിക്കാലവും കണക്കിലെടുത്ത് അധിക സര്‍വ്വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാമാരിയില്‍ നിന്നു കരകയറി വരുന്ന വ്യോമയാന മേഖലയ്ക്ക് ഇത് ഗുണകരവുമാകും. മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്ക് ഭക്ഷണവും പാനീയങ്ങളും നല്‍കുന്നത് എയര്‍ലൈന്‍ അടുത്തിടെ പുനരാരംഭിച്ചിരുന്നു.

കൊല്‍ക്കൊത്ത ബാഗ്‌ദോഗ്ര റൂട്ടില്‍ ആഴ്ചയില്‍ മൂന്നു സര്‍വ്വീസുകള്‍ വീതമാകും ഇരുഭാഗത്തേക്കും അധികമായി നടത്തുക. കൊല്‍ക്കൊത്ത-ബെംഗലൂരു, ബെംഗലൂരു-കൊച്ചി റൂട്ടില്‍ ഇരു ഭാഗത്തേക്കും പ്രതിദിന സര്‍വ്വീസുകളാണ് ഉണ്ടാകുക. ഇവയെല്ലാം നവംബര്‍ 12 മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്. നവംബര്‍ 18 മുതലാണ് ഹൈദരാബാദ്-ഗോവ റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്.

ലോകത്തിലെ ഏറ്റവും ആധുനീകമായ എയര്‍ബസ് എ320നിയോയുടെ 186 സീറ്റുകളുള്ള വിമാനവുമായി എയര്‍ഏഷ്യ തങ്ങളുടെ വിമാനങ്ങളുടെ എണ്ണം 31 ആയി അടുത്തിടെ ഉയര്‍ത്തിയിരുന്നു. ന്യൂഡല്‍ഹി, ബെംഗലൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഫ്‌ളൈപോര്‍ട്ടര്‍ ബാഗേജ് പിക്ക് അപ്, ഡെലിവറി ഉള്‍പ്പെടെയുള്ള സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. മുന്‍ഗണനാ ചെക്ക്-ഇന്‍, ബോര്‍ഡിങ്, ബഗ്ഗേജ് തുടങ്ങിയവ അടങ്ങുന്ന റെഡ് കാര്‍പറ്റ് സേവനങ്ങള്‍ 400 രൂപയ്ക്ക് ലഭ്യമാക്കിയിട്ടുമുണ്ട്.

 

TAGS: AirAsia |