സമ്മർ ഷെഡ്യൂളിൽ കൂടുതൽ സർവീസുകളുമായി ജെറ്റ് എയർവേസ്

Posted on: March 15, 2017

കൊച്ചി : ജെറ്റ് എയർവേസ് സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി ബംഗലുരു – കോഴിക്കോട് നോൺസ്‌റ്റോപ്പ് സർവീസ് ആരംഭിക്കും. ബംഗലുരുവിൽ നിന്നും ഉച്ചയ്ക്കു 1.15 ന് പുറപ്പെട്ട് 2.30 ന് കോഴിക്കോട് എത്തും. കോഴിക്കോട് നിന്നും തിരിച്ച് ഉച്ചകഴിഞ്ഞ് 2.55 ന് പുറപ്പെട്ട് 4.05 ന് ബംഗലുരുവിൽ എത്തും.

സമ്മർഷെഡ്യൂളിൽ പ്രതിദിനം 650 സർവീസുകളാണ് ജെറ്റ് എയർവേസ് ഓപ്പറേറ്റ് ചെയ്യാനൊരുങ്ങുന്നത്. പുതുക്കിയ വേനൽ ഷെഡ്യൂൾ അനുസരിച്ച് മധുര, ബാഗ്‌ദോഗ്ര, എന്നിവിടങ്ങളിൽ നിന്ന് മുംബൈയിലേക്ക് നോൺ-സ്റ്റോപ് ഫ്‌ളൈറ്റ് ഒരുക്കുന്ന ആദ്യ എയർലൈനാകും ജെറ്റ് എയർവേസ്. അതുപോലെ തന്നെ ജയ്പൂർ പിങ്ക് സിറ്റിയെ ചണ്ഡിഗഡുമായും ഡെറാഡൂണിനെ ശ്രീനഗറുമായും ബംഗലുരുവിനെ കോഴിക്കോടുമായും ബന്ധിപ്പിച്ച് നോൺ സ്റ്റോപ് സർവീസുകളുണ്ടാകും. ബംഗലുരുവിനെ ന്യൂഡൽഹി വഴി ലക്‌നൗവുമായും മുംബൈയെ ഡെറാഡൂൺ വഴി ശ്രീനഗറുമായും ബന്ധിപ്പിക്കുന്നു.

തിരക്ക് കണക്കിലെടുത്ത് നിലവിലെ റൂട്ടുകളിൽ 12 സർവീസുകൾ കൂട്ടിയിട്ടുണ്ട്. മുംബൈ-ഗോവ, ഡൽഹി-ലക്‌നൗ എന്നിവിടങ്ങളിലേക്കുള്ള ഏഴാമത്തെ പ്രതിദിന സർവീസ് ഉൾപ്പടെയാണിത്. ചെന്നൈ-തിരുച്ചിറപ്പള്ളി റൂട്ടിൽ നാലാമത്തെ സർവീസും ഡൽഹി-ഭോപാൽ റൂട്ടിൽ രണ്ടാമത്തെ സർവീസും ആരംഭിക്കും. ഡൽഹി-പട്‌ന റൂട്ടിൽ രണ്ട് അധിക സർവീസുകൾ കൂടി ആരംഭിക്കും.

യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും തെരഞ്ഞടുക്കാൻ കൂടുതൽ അവസരവും നൽകുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ജെറ്റ് എയർവേസ് ചീഫ് കമേഴ്‌സ്യൽ ഓഫീസർ ജയരാജ് ഷൺമുഖം പറഞ്ഞു.