ഇത്തിഹാദിന് ഇന്ത്യയിൽ റെക്കാർഡ് വളർച്ച

Posted on: February 18, 2016

Etihad-Airways-A320-big

കൊച്ചി : ഇത്തിഹാദ് എയർവേസിന് 2015 ൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ 63 ശതമാനം വർധന. ജെറ്റ് എയർവേസുമായി സഹകരിച്ചാണ് ഇന്ത്യയിൽ ഇത്തിഹാദിന്റെ പ്രവർത്തനം. അബുദാബിയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും 33 ലക്ഷം യാത്രക്കാരെ ഇത്തിഹാദിനു ലഭിച്ചു. 2014 ൽ ഇത് 20 ലക്ഷമായിരുന്നു.

ഇത്തിഹാദിന് ജെറ്റ് എയർവേസിൽ 24 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 2013 ൽ 75 കോടി ഡോളർ ആണ് കമ്പനി ഇതിനായി മുതൽ മുടക്കിയത്. ഇന്ത്യയിലെ 11 പ്രധാന എയർപോർട്ടുകളിൽ നിന്നായി ആഴ്ചയിൽ 175 ഫ്‌ളൈറ്റുകൾ ഇത്തിഹാദ് ഓപറേറ്റ് ചെയ്യുന്നുണ്ട്. ജെറ്റ് എയർവേസുമായി സഹകരിച്ചുള്ള ഫ്‌ളൈറ്റുകൾ കൂടിയാകുമ്പോൾ ആഴ്ചയിൽ 250 സർവീസുകളാകും.

ഇത്തിഹാദ് എയർവേസ് കാർഗോ നാല് നഗരങ്ങളിലേക്കായി ആഴ്ച്ചയിൽ 14 സർവീസുകൾ നടത്തുന്നുണ്ട്. പ്രതിവർഷം 1.20 ലക്ഷം ടൺ കാർഗോയാണ് കൈകാര്യം ചെയ്യുന്നത്. ജെറ്റ് എയർവേസുമായുള്ള സഹകരണം ഇരു കമ്പനികൾക്കും നേട്ടം സമ്മാനിച്ചെന്ന് ഇത്തിഹാദ് എയർവേസ് പ്രസിഡന്റും സിഇഒയുമായ ജയിംസ് ഹോഗൻ പറഞ്ഞു. ജെറ്റ് എയർവേസിനെ ലാഭത്തിലാക്കാനും ഇത്തിഹാദിന് കഴിഞ്ഞു. കൂടുതൽ യാത്രക്കാരെ ഇത്തിഹാദിലേക്ക് ആകർഷിക്കാൻ ജെറ്റ് എയർവേസ് സഹായിച്ചുവെന്നും ഹോഗൻ പറഞ്ഞു.