ഇത്തിഹാദിന് 2015 ൽ മികച്ച വളർച്ച

Posted on: January 17, 2016

Etihad-Airways-James-Hogan-

അബുദാബി : യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേസിന് 2015 ൽ മികച്ച വളർച്ച. കഴിഞ്ഞ വർഷം 1.74 കോടി പേരാണ് ഇത്തിഹാദിൽ യാത്ര ചെയ്തത്. 2014 നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 17 ശതമാനമാണ് വർധന. ഇത്തിഹാദിന്റെ വിമാനങ്ങൾ 97,400 പറക്കലിൽ 46.70 കോടിയിലേറെ കിലോമീറ്ററാണ് പിന്നിട്ടത്.

അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ളവരാണ് ആകെ യാത്രക്കാരിൽ 75 ശതമാനവും. പുരസ്‌കാരങ്ങൾ നേടിയ സേവനത്തിലൂടെ ദശലക്ഷക്കണക്കിന് യാത്രക്കാരുടെ ഇഷ്ട വിമാനസർവീസാകുവാൻ ഇത്തിഹാദിനു കഴിഞ്ഞെന്ന് ഇത്തിഹാദ് പ്രസിഡന്റും സി ഇ ഒയുമായ ജെയിംസ് ഹോഗൻ പറഞ്ഞു.

കോൽക്കത്ത, മാഡ്രിഡ്, എഡിൻബറോ എന്റബെ, ഹോങ്കോങ്ങ്, ഡാർ എസ് സലാം എന്നീ പുതിയ അഞ്ച് കേന്ദ്രങ്ങളിലേയ്ക്കു കൂടി ഇത്തിഹാദ് 2015 ൽ സർവീസ് വ്യാപിപ്പിച്ചു. സ്വന്തം വിമാനങ്ങൾ ഉപയോഗിച്ചും കോഡ് ഷെയർ സഖ്യങ്ങളിലൂടെയും ലോകത്തെ 600 കേന്ദ്രങ്ങളിലേക്ക് ഇത്തിഹാദ് യാത്രാ സൗകര്യം ഒരുക്കുന്നു.

ഇത്തിഹാദ് മുഖേനയുള്ള ചരക്ക് നീക്കത്തിൽ മുൻ വർഷത്തേതിനെക്കാൾ നാല് ശതമാനം വർധനയുണ്ട്. 5.92 ലക്ഷം ടൺ ചരക്ക് നീക്കമാണ് 2015ൽ നടത്തിയത്. യുഎസ് ആസ്ഥാനമായുള്ള എയർ ട്രാൻസ്‌പോർട്ട് വേൾഡ് (എടി ഡബ്ല്യൂ) ന്റെ എയർലൈൻ ഓഫ് ദി ഇയർ 2016 പുരസ്‌കാരം ഇത്തിഹാദിന് ലഭിച്ചിട്ടുണ്ട്.

TAGS: Etihad Airways |