ഇത്തിഹാദിന് എയർലൈൻ ഓഫ് ദി ഇയർ 2016 പുരസ്‌കാരം

Posted on: December 5, 2015

Etihad-Airways-named-ATW-Ai

കൊച്ചി : ഇത്തിഹാദ് എയർവേസിന് എയർലൈൻ ഓഫ് ദി ഇയർ 2016 പുരസ്‌കാരം. യു.എസ് ആസ്ഥാനമായുള്ള എയർ ട്രാൻസ്‌പോർട്ട് വേൾഡി(എടിഡബ്ല്യു) ന്റെ അംഗീകാരമാണ് ഇത്തിഹാദിന് ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലേറെ എയർലൈനുകളിൽ നിന്നുമാണ് എടിഡബ്ല്യു ഇത്തിഹാദ് എയർവേസിനെ തെരഞ്ഞെടുത്തത്. സിംഗപ്പൂർ എയർഷോയോട് അനുബന്ധിച്ച് 2016 ഫെബ്രുവരി 15 ന് അവാർഡ് സമ്മാനിക്കും.

മത്സരം നിലനിൽക്കുന്ന വിപണിയിൽ നൂതനചിന്ത, സൃഷ്‌ട്യോന്മുഖമായ ഉപഭോക്തൃ ഉത്പന്നങ്ങൾ തുടങ്ങിയവയിലൂടെ മുന്നേറുന്ന ഇത്തിഹാദ് എയർവേസിനെ അംഗീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് എയർ ട്രാൻസ്‌പോർട്ട് വേൾഡ് എഡിറ്റർ ഇൻ ചീഫ് കരെൻ വാക്കർ പറഞ്ഞു.

ഇത്തിഹാദ് എയർവേസിന്റെ ലോകമെമ്പാടുമുള്ള 27,000 ജീവനക്കാരെ പ്രതിനിധീകരിച്ച് ഈ പുരസ്‌കാരം സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ജെയിംസ് ഹോഗൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി മാറുകയെന്ന ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ജീവനക്കാരുടെ പ്രതിബദ്ധത, സമർപ്പണം, കഠിനാധ്വാനം എന്നിവയെ താൻ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.