വനിതാ റൈഡര്‍മാര്‍ക്ക് ഡിജിറ്റല്‍ റോഡ് സുരക്ഷാ ബോധവത്കരണവുമായി ഹോണ്ട

Posted on: September 1, 2020

ചെന്നൈ : പുതിയ സാഹചര്യത്തില്‍ വനിതകളെ കൂടുതല്‍ സ്വതന്ത്രവും സുരക്ഷിതവുമായ റൈഡര്‍മാരാക്കി മാറ്റുന്നതിനായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വനിതകള്‍ക്കായി ഡിജിറ്റല്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.

ഹോണ്ട റോഡ് സേഫ്റ്റി ഇ-ഗുരുകുല്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദക്ഷിണ,പശ്ചിമ ഇന്ത്യയിലെ ആറു നഗരങ്ങളില്‍ (ചെന്നൈ, കോയമ്പത്തൂര്‍, ട്രിച്ചി, ഹൈദരാബാദ്, താനെ, ഇയോള) നിന്നുള്ള 160 വനിതകള്‍ക്ക് ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിശീലനത്തിലൂടെ ബോധവല്‍ക്കരണം നല്‍കി. ജോലിക്കു പോകുന്ന സ്ത്രീകള്‍, വീട്ടമ്മമാര്‍, സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥിനികള്‍, അധ്യാപകര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

സ്വതന്ത്ര റൈഡര്‍മാരാകാന്‍ വനിതകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഹോണ്ട ഇങ്ങനെയൊരു ദൗത്യം ഏറ്റെടുത്തതെന്നും പുതിയ സാമൂഹ്യ അകല കാലത്ത് വനികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യമെന്നും വനിതകളില്‍ നിന്നും ലഭിച്ച പ്രതികരണം ആവേശഭരിതമായിരുന്നെന്നും, 160 പേരാണ് സജീവമായി പങ്കെടുത്ത് സുരക്ഷിതമായ റൈഡിംഗിനെ കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും മനസിലാക്കിയതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

സുരക്ഷിതമായ റൈഡിംഗ്, സേഫ്റ്റി ഗിയേഴ്‌സ്, റോഡ് നിയമങ്ങള്‍, ട്രാഫിക്ക് അടയാളങ്ങള്‍ തുടങ്ങിയവയുടെ പ്രാധാന്യങ്ങളെ കുറിച്ചായിരുന്നു പരിശീലനം. തിയറിയും വീഡിയോകളും കേസ് പഠനങ്ങളും സംയോജിപ്പിച്ചുള്ളതായിരുന്നു പരിപാടി. ഒരു മണിക്കൂര്‍ വീഡിയോ സെഷനെ തുടര്‍ന്ന് ചോദ്യോത്തര പരിപാടിയും ഉണ്ടായിരുന്നു.