ഊബര്‍ കൊച്ചിയിലും തൃശൂരും പ്രവര്‍ത്തനം പുനരാരംഭിച്ചു

Posted on: May 6, 2020

കൊച്ചി: ഗ്രീന്‍ സോണുകളായിപ്രഖ്യാപിക്കപ്പെട്ടതോടെ കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ ഊബര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. യാത്രക്കാര്‍ക്ക് ഇനി സുരക്ഷിതവും വിശ്വസനീയവും സൗകര്യപ്രദവുമായ യാത്രകള്‍ നടത്താം.

ഊബര്‍ ഗോ, ഊബര്‍ പ്രീമിയര്‍, ഊബര്‍ ഇന്റര്‍സിറ്റി, ഊബര്‍ ഹയര്‍, ഊബര്‍ എക്സ്എല്‍ തുടങ്ങിയ സര്‍വീസുകളെല്ലാം കൊച്ചിയില്‍ ലഭ്യമാകും. തൃശൂരില്‍ ഊബര്‍ ഗോ, ഊബര്‍ പ്രീമിയര്‍, ഊബര്‍ ഇന്റര്‍സിറ്റി തുടങ്ങിയ സര്‍വീസുകള്‍ ലഭ്യമാകും. ഊബര്‍ ഇന്റര്‍സിറ്റി സര്‍വീസുകള്‍ സംസ്ഥാനത്തിനുള്ളില്‍ അധികൃതരുടെ അംഗീകാരത്തോടെ അനുവദനീയ ഭാഗങ്ങളിലേക്ക് മാത്രമായിരിക്കും ലഭ്യമാകുക.

കൊച്ചിയിലെയും തൃശൂരിലെയും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പിക്കുന്നതിനൊപ്പം നഗരങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നതിനാണ് പരിഗണനയെന്നും ഡ്രൈവര്‍മാര്‍ക്ക് അവസരങ്ങള്‍ തിരികെ കൊണ്ടുവരുന്നതിലും ശ്രദ്ധിക്കുന്നുവെന്നും സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ സമൂഹത്തിന്റെ ആരോഗ്യത്തിന് തന്നെയായിരിക്കും മുന്‍ഗണനയെന്നും സുരക്ഷയെ കുറിച്ച് എല്ലാ റൈഡര്‍മാരും ബോധവാന്മാരായിരിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഊബര്‍ ദക്ഷിണേന്ത്യ, ശ്രീലങ്ക റൈഡ്ഷെയറിങ് മേധാവി കനിക മല്‍ഹോത്ര പറഞ്ഞു.

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനായി ഊബര്‍ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്: പനിയാണെങ്കില്‍ ദയവായി വീട്ടിലിരിക്കുക, ഓരോ റൈഡുകള്‍ക്കും മുമ്പും പിമ്പും കൈകള്‍ സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകുക, ഊബര്‍ റൈഡിന് മുഖാവരണം നിര്‍ബന്ധമാണ്, തുമ്മുകയോ ചീറ്റുകയോ ചെയ്യുമ്പോള്‍ ടിഷ്യൂ അല്ലെങ്കില്‍ കൈകള്‍ കൊണ്ട് മറയ്ക്കുക, വിന്‍ഡോകള്‍ അല്ലെങ്കില്‍ വെന്റിലേഷന്‍ സ്വയം തുറന്നിടുക അല്ലെങ്കില്‍ ഡ്രൈവറോട് എസി ഫ്രെഷ് എയര്‍ മോഡിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുക, സാധ്യമായിടത്തെല്ലാം ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിക്കുക, ലഗേജുകളും മറ്റു സാധനങ്ങളും സ്വയം കൈകാര്യം ചെയ്യുക, 65 വയസിന് മുകളിലുള്ളവരും നിലവില്‍ മറ്റ് രോഗങ്ങളുള്ളവരും 10 വയസില്‍ താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അത്യാവശ്യത്തിനല്ലാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരിക്കുക.

ഊബര്‍ യാത്രയില്‍ റൈഡര്‍ക്ക് സുരക്ഷിതത്വം തോന്നണം. അതുകൊണ്ടു തന്നെ സുരക്ഷാ കാരണങ്ങളാല്‍ സുഖകരമായി തോന്നുന്നില്ലെങ്കില്‍ ഡ്രൈവര്‍ക്കോ റൈഡര്‍ക്കോ യാത്ര കാന്‍സല്‍ ചെയ്യാം. ഇത്തരം വേളകളില്‍ ഊബര്‍ മുഴുവന്‍ കാന്‍സലേഷന്‍ ചാര്‍ജും റീഫണ്ട് ചെയ്യുന്നതാണ്.

TAGS: Uber |