ഇലക്ട്രിക് വാണിജ്യ വാഹനങ്ങളുമായി പിയാജിയോ

Posted on: November 6, 2019

കൊച്ചി : ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ 100 ശതമാനം സബ്‌സിഡിയറിയും ചെറു വാണിജ്യ വാഹന നിര്‍മാണ രംഗത്തെ ഇന്ത്യയിലെ മുന്‍നിരക്കാരുമായ പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നു. പ്രമുഖ ബാറ്ററി നിര്‍മാതാക്കളായ സണ്‍ മൊബിലിറ്റിയാണ് പിയാജിയോക്കാവശ്യമായ ബാറ്ററികള്‍ ലഭ്യമാക്കുക.

അത്യാധുനിക ലിത്തിയം അയോണ്‍ സാങ്കേതിക വിദ്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വച്ചുമാറാവുന്ന ബാറ്ററികളാണ് പിയാജിയോ വാണിജ്യ വാഹനങ്ങളില്‍ ഉപയോഗിക്കുക. ബാറ്ററി റീ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനവും സണ്‍ മൊബിലിറ്റി ഒരുക്കുന്നതാണ്. മെച്ചപ്പെട്ട പിക് അപ്, കൂടുതല്‍ മൈലേജ് എന്നിവ ലഭ്യമാക്കി വാഹനത്തിന്റെ മൊത്തത്തിലുള്ള കാര്യശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാണ് ഈ ബാറ്ററികള്‍. സണ്‍ മൊബിലിറ്റിയുടെ റീചാര്‍ജ് സ്റ്റേഷനുകളില്‍ നിന്ന് നിലവിലുപയോഗിച്ചുകൊണ്ടിരിക്കുന്ന ബാറ്ററി മാറ്റി വേറൊന്ന് വയ്ക്കാന്‍ വെറും രണ്ട് മിനിറ്റുകൊണ്ട് സാധിക്കുമെന്നതിനാല്‍ സമയനഷ്ടവും ഒഴിവാക്കാമെന്ന് പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ഡിയാഗോ ഗ്രാഫി പറഞ്ഞു.

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് സഹായകമാണ് സണ്‍ മൊബിലിറ്റിയുടെ പുതിയ ബാറ്ററി സാങ്കേതിക വിദ്യയെന്ന് സണ്‍ മൊബിലിറ്റി വൈസ് ചെയര്‍മാന്‍ ചേതന്‍ മെയ്‌നി വ്യക്തമാക്കി.

TAGS: Piaggio |