നിരത്തുകൾ കീഴടക്കാൻ ടാറ്റാ മാർക്കോപോളോ

Posted on: October 20, 2014

Tata-Marcopolo-Bus-big

ടാറ്റാ മോട്ടോഴ്‌സിന്റെ മാർക്കോപോളോ അർബൻ ബസുകൾ നഗര നിരത്തുകൾ കീഴടക്കുന്നു. ആകർഷകമായ രൂപകൽപ്പനയുള്ളതും സുരക്ഷയും യാത്രക്കാരുടെ സുഖസൗകര്യങ്ങളും ഉറപ്പുവരുത്തുന്നവയുമാണ് മാർക്കോപോള ബസുകൾ. ബസിനുള്ളിലെ ഓരോ ചലനവും റെക്കോർഡ് ചെയ്യുന്നതിനായി സിസി ടിവി കാമറകളുണ്ട്. ബസിനുള്ളിൽ സൗകര്യപ്രദമായി നീങ്ങുന്നതിന് വീതിയേറിയ പാസേജ്‌വേ ആണ്. വീതിയേറിയ വിൻഡോ പേയ്‌നുകൾ മികച്ച കാഴ്ച നല്കുന്നു.

പൊതുവിവരങ്ങൾ നൽകുന്നതിനായി ഇന്റലിജൻസ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ് (ഐടിഎസ്) എല്ലാ അർബൻ ബസുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ജിപിഎസ് സംവിധാനം വഴി എത്തിച്ചേരുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ, സമയം, വഴി എന്നിവയെല്ലാം അനൗൺസ് ചെയ്യുന്നതിനും ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോർഡുകൾ വഴി പ്രദർശിപ്പിക്കുന്നതിനും ഈ സൗകര്യം പ്രയോജനപ്പെടും. ബക്കറ്റ് സീറ്റുകൾ, സോഫ്റ്റർ സസ്‌പെൻഷൻ, ട്യൂബ്‌ലെസ് ടയറുകൾ, കുറഞ്ഞ നോയ്‌സ്, വൈബ്രേഷൻ, ഹാർഷ്‌നെസ് (എൻവിഎച്ച്) എന്നിവ യാത്ര പരമാവധി സുഖപ്രദമാക്കുന്നു.

സെൻട്രൽ കൺട്രോൾ റൂം സെർവറുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനും ഓരോ ബസുകളുടെയും ട്രിപ്പുകൾ, ഓഫ് റോഡ് പൊസിഷൻ, മെയിന്റനൻസ് ജോലികൾ, ബസുകളുടെ ആരോഗ്യസ്ഥിതി എന്നിവയെല്ലാം ഓൺബോർഡ് ഡയഗ്നോസ്റ്റിക്‌സ് വഴി കണ്ടെത്തുന്നതിന് സാധിക്കും. ഓരോ റൂട്ടിലും ബസുകളുടെ സർവീസ് ക്രമീകരിക്കുന്നതിനും ഈ ഫീച്ചർ സഹായകമാണ്.

ഇന്ധനക്ഷമതയേറിയ പുതുതലമുറ ഐഎസ്ബിഇ കുമിൻസ് എൻജിനുകളും 6 സ്പീഡ് ഓവർഡ്രൈവ് ഗിയർ ബോക്‌സും അനായാസം ഗിയർ മാറ്റുന്നതിനായി കേബിൾ ഷിഫ്റ്റ് മെക്കാനിസവുമാണ് പുതിയ ബസുകളിൽ. ഓൺ-റോഡ് പ്രകടനം മെച്ചപ്പെടുത്തുന്നതിനും ജെർക്ക് ഇല്ലാതെയുള്ള യാത്രയ്ക്കുമായി ഒട്ടുമിക്ക ടാറ്റ അർബൻ ബസുകൾക്കും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനമാണ്.

ധർവാഡിലും ലക്‌നോയിലുമുള്ള ടാറ്റാ മാർക്കോപോളോ മോട്ടോഴ്‌സിന്റെ നിർമാണകേന്ദ്രങ്ങളിലാണ് പുതിയ ബസുകൾ നിർമിക്കുന്നത്. ബോഡി ബിൽഡിംഗ്, ഡിസൈൻ എന്നിവയുടെ ഗുണമേന്മയിലും സുരക്ഷയിലും അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന സൗകര്യമാണിവിടെയുള്ളത്. സുരക്ഷയ്ക്കായി അർബൻ ഡവലപ്‌മെന്റ് മിനിസ്ട്രി നിഷ്‌കർഷിച്ചിരിക്കുന്ന റോൾ-ഓവർ ടെസ്റ്റുകളും ഇവിടെ പൂർത്തിയാക്കാനാവും. ഇന്ത്യയിലെമ്പാടുമായി 60,000 ൽ അധികം മാർക്കോപോളോ ബസുകൾ നിരത്തിലുണ്ട്.

ബസുകളുടെ പൊതുവായ പ്രവർത്തനം, മെയിന്റനൻസ് എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്കായി ടാറ്റാ മോട്ടോഴ്‌സ് പരിശീലനം നല്കും. രാജ്യത്തെ 1800 അംഗീകൃത സർവീസ് സെന്ററുകൾ വഴി വിൽപ്പനാനന്തര സേവനം ലഭ്യമാക്കും. പുതുതലമുറ ബസ് ബോഡികളുടെ അറ്റകുറ്റപ്പണികൾക്കായി പ്രധാന സ്ഥലങ്ങളിൽ സേവനകേന്ദ്രങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ടാറ്റാ മോട്ടോഴ്‌സ് പറഞ്ഞു.