ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുമായി നെക്‌സോണ്‍

Posted on: December 11, 2018

മുംബൈ : ടാറ്റയുടെ കോംപാക്ട് എസ്യുവിയായ നെക്‌സോണ്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ നിര്‍മിത വാഹനം ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫൈവ്സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കുന്നത്.

 

2018 ആഗസ്റ്റില്‍ നടന്ന ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ നാലും കുട്ടികളുടേതില്‍ മൂന്നും റേറ്റിങ് നേടിയ നെക്‌സോണ്‍, വെറും മൂന്ന് മാസം കൊണ്ട് നിലമെച്ചപ്പെടുത്തിയാണ് മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയത്. കുട്ടികളുടെ സുരക്ഷയില്‍ മാറ്റമില്ല.

ആഗോള എന്‍സിപിയുടെ ഏറ്റവും മികച്ച സുരക്ഷാ റേറ്റിംഗ് ലഭിച്ച നെക്സോണിലൂടെ യാത്രക്കാരുടെ സുരക്ഷക്ക് മുന്‍ഗണനനല്‍കുന്നതിനും നിലനിര്‍ത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന്’, ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡന്റ് മായങ്ക് പരീഖ് വ്യക്തമാക്കി.

ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ രൂപകല്‍പ്പനാശൈലി പിന്തുടര്‍ന്നിരിക്കുന്ന വാഹനമാണ് ടാറ്റാ നെക്സോണ്‍. ഉയര്‍ന്ന ഊര്‍ജ്ജ ആഗീകരണ ശേഷിയുള്ള ശക്തമായ സ്റ്റീല്‍ കൊണ്ടുള്ള നിര്‍മ്മാണം  ഊര്‍ജ്ജത്തെ ഫലപ്രദമായി ആഗിരണം ചെയ്ത് ഇടിയുടെ ആഘാതത്തില്‍ നിന്ന് യാത്രക്കാരന്റെ കമ്പാര്‍ട്ട്മെന്റിനെ പൂര്‍ണമായും സംരക്ഷിക്കുന്നു.

ഡ്രൈവര്‍, പാസഞ്ചര്‍ സുരക്ഷയ്ക്കായി നെക്സോണ്‍ പ്രീ-ടെന്‍ഷനര്‍, ലോഡ്-ലിമിറ്റര്‍, ക്രാഷ്ലോക്കിങ് ടംഗ് എന്നിവയോടുകൂടിയ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകളും സീറ്റിബെല്‍റ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇത് അടിയന്തിര സാഹചര്യങ്ങളില്‍ അനിയന്ത്രിതമായുള്ള മുമ്പോട്ടുള്ള ചലനത്തെ തടയുകയും മുറിവുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു. കാലുകള്‍ക്ക് മികച്ച സുരക്ഷ നല്‍കുന്നതിനും, പരിക്കുകള്‍ ഒഴുവാക്കുന്നതിനും പെഡല്‍ ബ്ലോക്കേഴ്സ് ഉപയോഗിച്ചുകൊണ്ട് വാഹനത്തിന്റെ ഫൂട്ട്വെല്‍ ഭാഗം ശക്തിപ്പെടുത്തിയിരിക്കുന്നു.

ഘടനാപരമായ ഈ സവിശേഷതകള്‍ കൂടാതെ നെക്സോണിന്റെ കോര്‍ണര്‍ സ്ഥിരത നിയന്ത്രണം, ഇബിഡി എന്നിവയോടു കൂടിയ എബിഎസ് സംവിധാനം, കുട്ടികളുടെ സുരക്ഷയുള്ള ഡോര്‍ ലോക്കിംഗ് സംവിധാനം, വോയ്സ് അധിഷ്ഠിത അലേര്‍ട്ടുകള്‍, റിയര്‍ പാര്‍ക്കിങ് സഹായം, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍ തുടങ്ങിയവ റോഡിലിറങ്ങുമ്പോള്‍ വാഹനത്തിന് സുരക്ഷ ഉറപ്പാക്കും

TAGS: Tata Nexon |