ടാറ്റാ ടിയാഗോ

Posted on: March 30, 2016

TataTiago-front-Big

ടാറ്റാ മോട്ടോഴ്‌സിന്റെ തുറപ്പ്ചീട്ടാണ് ടിയാഗോ. ഇപ്പോഴുള്ള ടാറ്റാ ഹാച്ച്ബാക്കുകളുടെ ടാക്‌സി ഇമേജ് മാറ്റാനുള്ള തുറുപ്പ്ചീട്ട്. സിക്ക എന്ന പേരിൽ ഓട്ടോഎക്‌സ്‌പോ 2016 ൽ അവതരിപ്പിച്ചെങ്കിലും സിക്ക വൈറസ് വ്യാപകമായതോടെ റീബ്രാൻഡ് ചെയ്തു. ടിയാഗോയിലേക്ക് പേരുമാറി. കാർ വിപണിയിൽ അവതരിപ്പിക്കുന്നത് ഏപ്രിൽ ആറിന് ആണെങ്കിലും ടാറ്റാ മോട്ടോഴ്‌സ് മാർച്ച് 10 മുതൽ ടിയാഗോയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി.

ടാറ്റായുടെ പുതിയ ഡിസൈൻ ലാംഗ്വേജായ ഇംപാക്ട് ന്റെ ആദ്യ ഉത്പന്നമാണ് ടിയാഗോ. പുതിയ സിഗ്‌നേച്ചർ ഗ്രിൽ. റാപ്പ്എറൗണ്ട് ഹെഡ്‌ലാമ്പുകൾ, 14 ഇഞ്ച് മൾട്ടി സ്‌പോക്ക് അലോയ് വീൽസ്, ബ്ലാക്ക് തീമിലുള്ള ഇന്റീരിയർ തുടങ്ങിയ സവിശേഷതകൾ ടിയാഗോയ്ക്കുണ്ട്. നീളം 3746 മില്ലീമീറ്റർ. വീതി 1647 മിമി. ഉയരം 1535 മിമി. വീൽബേസ് 2400 മിമി. ഗ്രൗണ്ട് ക്ലിയറൻസ് 170 മിമി.

പെട്രോൾ / ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ടിയാഗോ ലഭ്യമാണ്. 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എൻജിൻ 6000 ആർപിഎമ്മിൽ 84 ബിഎച്ച്പി കരുത്തും, 3500 ആർപിഎമ്മിൽ 114 എൻഎം ടോർക്കും നൽകും. 1.05 ലിറ്റർ റെവോടോർക്ക് ഡീസൽ എൻജിൻ 4000 ആർപിഎമ്മിൽ 69 ബിഎച്ച്പി കരുത്തും 1800-3000 ആർപിഎമ്മിൽ 140 എൻഎം ടോർക്കും പ്രദാനം ചെയ്യും. ഉയർന്ന വേരിയന്റിൽ എബിഎസ്, ഇബിഡി, കോർണർ സ്‌റ്റെബിലിറ്റി കൺട്രോൾ, ഇരട്ട എയർബാഗുകൾ എന്നിവയുണ്ട്.

ഹർമാന്റെ വരുംതലമുറ കണക്ട് നെക്‌സ്റ്റ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വിത്ത് ജൂക്ക് കാർ ആപ്പ്, സ്മാർട്ട് എനേബിൾഡ് ടേൺ ബൈ ടേൺ നാവിഗേഷൻ ആപ്പ് തുടങ്ങി യുവതലമുറയെ ആകർഷിക്കുന്ന സാങ്കേതികവിദ്യകൾ ടിയാഗോയിലുണ്ട്.

സൺബേഴ്‌സ്റ്റ് ഓറഞ്ച്, പ്ലാറ്റിനം സിൽവർ, പേൾസെന്റ് വൈറ്റ്, എസ്‌പ്രെസോ ബ്രൗൺ, ബെറി റെഡ്, സ്‌ട്രൈക്കർ ബ്ലൂ എന്നീ നിറങ്ങളിൽ ടിയാഗോ തെരഞ്ഞെടുക്കാം. ടിയാഗോയുടെ വില ടാറ്റാ മോട്ടോഴ്‌സ് ഇതേവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. 3.80 ലക്ഷം മുതൽ 6.50 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ പ്രതീക്ഷിക്കുന്ന വില.