ടാറ്റാ പ്രൈമ ട്രക്ക് റേസിംഗ്- ഇന്ത്യൻ ഡ്രൈവർമാർക്കും അവസരം

Posted on: January 27, 2016

Tata-Motors-T1-Prima-Truck-

കൊച്ചി : ടാറ്റാ മോട്ടോഴ്‌സിന്റെ ടി വൺ പ്രൈമ ട്രക്ക് റേസിംഗ് ചാംപ്യൻഷിപ്പ് 2016 മാർച്ച് 20 ന് അരങ്ങേറും. ഇന്ത്യയുടെ പ്രശസ്തമായ ഫോർമുല വൺ റേസ് ട്രാക്ക് ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് റേസ് നടക്കുന്നത്. ടി വൺ പ്രൈമ റേസിംഗിന്റെ മൂന്നാമത് സീസണാണിത്.

പ്രൈമ റേസിംഗ് ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്കും റേസിൽ പങ്കെടുക്കാൻ അവസരമൊരുങ്ങുന്നു. പരിചയസമ്പരായ വിദേശ ട്രക്ക് റേസിംഗ് ഡ്രൈവർമാരും പതിവു പോലെ മത്സരത്തിൽ പങ്കെടുക്കുന്നു.

ഇന്ത്യൻ ഡ്രൈവർമാർക്ക് വേണ്ടി പ്രത്യേക പരിശീലന, സെലക്ഷൻ പദ്ധതികൾ ടാറ്റാ മോട്ടോഴ്‌സ് സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട് 12 ഇന്ത്യൻ ഡ്രൈവർമാർക്കാണ് ഇത്തവണ റേസിംഗിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

മദ്രാസ് മോട്ടോർ സ്‌പോർട്ട്‌സ് ക്ലബ്ബാണ് ടി വൺ പ്രൈമ ട്രക്ക് റേസിംഗിന്റെ സംഘാടകർ. ഇന്ത്യയിൽ നിന്ന് ട്രക്ക് റേസിംഗ് പ്രതിഭകളെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തവണ ഇന്ത്യൻ ഡ്രൈവർമാർക്കു വേണ്ടിയുള്ള പരിശീലന പരിപാടികൾ എന്ന് ടാറ്റാ മോട്ടോഴ്‌സിന്റെ കൊമേഴ്‌സ്യൽ ബിസിനസ് യൂണിറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രവീന്ദ്ര പിഷാരടി പറഞ്ഞു.