പൊൻതിളക്കമുള്ള നെല്ലറ

Posted on: September 16, 2014

 

Nellara-Shamsudheen-Big

ഖൽബ് നിറയെ സ്വപ്‌നങ്ങളുമായാണ് ഷംസുദ്ദീൻ ദുബായിൽ കാൽകുത്തിയത്. പൊള്ളുന്ന ചൂടിലും തന്റെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകണമെന്ന് മറ്റ് ഏതൊരാളെയും പോലെ ഈ യുവാവും ആശിച്ചു. ദുബായിൽ അനുദിനം ഉയരുന്ന അംബരചുംബികൾക്കൊപ്പം ഷംസുദീന്റെ സ്വപ്‌നങ്ങളും വളർന്നു പൂവണിഞ്ഞു.

നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഇദ്ദേഹമിപ്പോൾ. ഫുഡ്‌പ്രോഡക്ടസ്, ഹോട്ടൽ, ഫാഷൻ തുടങ്ങിയ മേഖലകളിൽ നിറ സാന്നിധ്യമാണ് നെല്ലറ ഗ്രൂപ്പ്. ഷംസുദ്ദീന്റെ ആസൂയാർഹമായ വിജയത്തിനു പിന്നിൽ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും മാത്രമായിരുന്നു കൈമുതൽ.

സഹോദരി ഭർത്താവ് മൊയ്തുണ്ണി ദേരാ ദുബായ് ഫ്രിജ് മുറാറിൽ നടത്തിവന്ന ഫ്‌ളോർ മില്ലിൽ ജോലിക്കായാണ് എടപ്പാൾ സ്വദേശി ഷംസുദ്ദീൻ ആദ്യം ദുബായിൽ എത്തുന്നത്. 1992 ൽ ഡിഗ്രി രണ്ടാംം വർഷത്തിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അന്ന്. സ്‌കൂൾ പഠനകാലം മുതലേ ബിസിനസിനോട് ആഭിമുഖ്യമായിരുന്നു. പോക്കറ്റ് മണിക്കായി ടെയ്‌ലറിംഗ് പഠിച്ചു. ഒൻപതാം ക്ലാസ് മുതൽ തനിക്കുള്ള വസ്ത്രങ്ങൾ തയ്ച്ചിരുന്നത് ഷംസുദ്ദീൻ തന്നെയായിരുന്നു.

പിതാവ് കരിമ്പനക്കൽ ഇബ്രാഹിം ഹാജിക്ക് എടപ്പാൾ നടുവട്ടത്ത് മലഞ്ചരക്ക് കടയുണ്ടായിരുന്നു. പത്താംക്ലാസ് കഴിഞ്ഞപ്പോൾ ഈ കടയോടു ചേർന്ന് ഫ്രൂട്ട് ജ്യൂസ് കച്ചവടം തുടങ്ങി. സർബത്തും മറ്റുമായി കച്ചവടം പൊടിപൂരം. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴും സർബത്ത് കച്ചവടം മുന്നോട്ടു കൊണ്ടുപോയി. ഇതിനിടെയിലാണ് ദുബായിലേക്ക് പോരാൻ സഹോദരീ ഭർത്താവിന്റെ ക്ഷണം.

ആതിഖ് അബ്ദുല്ല ഫ്‌ലോർ മില്ലിൽ ഹെൽപ്പറുടെ ജോലിയായിരുന്നു ആദ്യം. പതിയെപ്പതിയെ അവിടുത്തെ എല്ലാ പണികളും ഷംസു പഠിച്ചെടുത്തു. മില്ലിനോട് ചേർന്ന് ചെറിയൊരു വില്പന വിഭാഗവുമുണ്ടായിരുന്നു. ഷംസുദ്ദീന്റെ ശ്രമഫലമായി ഈ ചെറിയ കട ഘട്ടംഘട്ടമായി വളർത്തി വലുതാക്കി. എന്തുകൊണ്ട് സ്വന്തമായി ഒരു ബ്രാൻഡ് തുടങ്ങിക്കൂടാ എന്ന ചിന്തയിൽ നിന്നാണ് നെല്ലറ പിറക്കുന്നത്. 2004 സെപ്റ്റംബർ 10 ന് അതായത് ഒരു ഓണക്കാലത്താണ് നെല്ലറ എന്ന ഫുഡ് ബ്രാൻഡ് ആരംഭിച്ചത്. കൃത്യമായ പഠനങ്ങളും പരീക്ഷണങ്ങളും അതിനും മുമ്പേ ഷംസുദ്ദീൻ തുടങ്ങിയിരുന്നു.

നെല്ലറ ഫുഡ് പ്രോഡക്ടസ്

പുട്ടുപൊടിയെക്കുറിച്ച് മാസങ്ങളോളം ഗവേഷണം നടത്തി ഷംസുദ്ദീൻ. കേരളത്തിൽ പോയി പുട്ടുപൊടിയുടെ സ്വാദ് വർധിപ്പിക്കാനുള്ള പഠനങ്ങളും പരീക്ഷണങ്ങളുമായി തയാറെടുത്തു. മടങ്ങി വന്ന് ദുബായിൽ നെല്ലറ പുട്ടുപൊടി വിപണിയിൽ അവതരിപ്പിച്ചു. സ്വാദിഷ്ടമായ ഈ പുട്ടുപൊടി ആളുകൾക്കിടയിൽ സംസാരമായി. ക്രമേണ വില്പന വർധിച്ചു. അങ്ങനെ പുട്ടുപൊടിയിൽ പിടിച്ച് നെല്ലറ ബ്രാൻഡ് പ്രശസ്തമായി. തുടർന്ന് മസാലകളും മറ്റുപൊടികളും പുറത്തിറക്കി. രുചിയും ഗുണമേന്മയും വിശ്വസ്തതയും മുഖമുദ്രയാക്കി നെല്ലറ ഗ്രൂപ്പ് വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി കയറി.

2014 ൽ നെല്ലറ ബ്രാൻഡിൽ 380 വ്യത്യസ്ത ഉത്പന്നങ്ങളുണ്ട്. നെൽ ടീ, നെൽകോ ഇളനീർവെള്ളം, തുടങ്ങിയവയെല്ലാം നെല്ലറ ഗ്രൂപ്പിൽ നിന്നു പുറത്തിറങ്ങുന്നു. ഇന്ന് നെല്ലറ ഗ്രൂപ്പിന് യുഎഇയിലും ഇന്ത്യയിലും ഫാക്ടറികളുണ്ട്. ഹൈടെക് സാങ്കേതിക വിദ്യയുടെ സഹായത്താൽ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് കറിപ്പൊടികളുടെയും മറ്റു ഉത്പന്നങ്ങളുടെയും ചേരുവ നിർണയിക്കുന്നത്. ഉത്പന്നങ്ങളുടെ രുചിയും ഗുണമേന്മയും ചോരാത്ത പാക്കേജിംഗ് രീതിയും നെല്ലറയുടെ പ്രത്യേകതയാണ്.

യുഎഇ,  ഇന്ത്യ, യുകെ, ഓസ്‌ട്രേലിയ തുടങ്ങി 14 രാജ്യങ്ങളിൽ നെല്ലറ ബ്രാൻഡ് ഉത്പന്നങ്ങൾക്കു സാന്നിധ്യമുണ്ട്. യു എ യിൽ തങ്ങൾ നമ്പർ വൺ ആണെന്ന് ഷംസുദ്ദീൻ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനമുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. തേൻ, കോൺഫ്‌ലേക്ക്‌സ്, ഓട്‌സ്, ഒലീവ് ഓയിൽ, സൺഫ്‌ലവർ ഓയിൽ ബ്രാൺ ഓയിൽ (തവിടെണ്ണ) തുടങ്ങി കൂടുതൽ ഉത്പന്നങ്ങൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് നെല്ലറ ഗ്രൂപ്പ്. നെല്ലറയുടെ ഉത്പന്നങ്ങൾ വിപണിയിൽ ഹിറ്റായതോടെ ഷംസുദീന്റെ പേരിനൊപ്പം നെല്ലറ കൂടി ചേർന്നു. ഇപ്പോൾ ഷംസുദ്ദീൻ നെല്ലറ എന്നാണ് ഇദ്ദേഹം ഗൾഫിലെമ്പാടും അറിയിപ്പെടുന്നത്.

അഡ്രസ്

ഷംസുദ്ദീൻ നെല്ലറയുടെ ഫാഷൻ രംഗത്തേക്കുള്ള ചുവടുവയ്പ്പാണ് അഡ്രസ് ബ്രാൻഡ്. നന്നായി വസ്ത്രം ധരിക്കുകയും മറ്റുള്ളവരുടെ വസ്ത്രധാരണം ശ്രദ്ധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഷംസുദ്ദീൻ. അതുകൊണ്ട് തന്നെ ഫാഷൻ രംഗത്തേക്കു എന്തുകൊണ്ട് തനിക്കും കാലെടുത്തുവച്ചുകൂടായെന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെയാണ് അഞ്ചു വർഷം മുമ്പ് അഡ്രസിന്റെ തുടക്കം.

ഇന്ന് അഡ്രസ് ബ്രാൻഡിൽ ഷർട്ട്, ടീ ഷർട്ട്, ഇന്നർവെയേഴ്‌സ്, പാന്റസ്, ചെരിപ്പ്, ഷൂസ്, പേഴ്‌സ്, ബെൽട്ട് തുടങ്ങിയ മെൻവെയർ ഉത്പന്നങ്ങളാണ് അഡ്രസ് ബ്രാൻഡിൽ വിപണിയിലിറങ്ങുന്നത്. പതിവു റീട്ടെയ്‌ലിംഗിനൊപ്പം യു എ ഇ, ഇന്ത്യ, ഖത്തർ, ബഹ്‌റിൻ, കുവൈറ്റ്, സൗദി അറേബ്യ, എന്നീ രാജ്യങ്ങളിലായി 23 അഡ്രസ് ഷോറൂമുകളുണ്ട്. അർമേനിയ, ഹോളണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ വൈകാതെ അഡ്രസ് എക്‌സക്ലൂസീവ് ഷോറൂമുകൾ ആരംഭിക്കും. 2017 ആകുമ്പോഴേക്കും ഷോറൂമുകളുടെ എണ്ണം 100 ആയി വർധിപ്പിക്കുമെന്ന് ഷംസുദ്ദീൻ പറഞ്ഞു.

യു കെ യിലാണ് അഡ്രസിന്റെ കോർപറേറ്റ് ഓഫീസ്. അതിനാൽ തന്നെ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് അഡ്രസിന് കടന്നുചെല്ലാൻ എളുപ്പമാണ്. അഡ്രസിന്റെ മിഡിൽഈസ്റ്റ്  ഓപറേഷൻ ദുബായിൽ നിന്നും ഇന്ത്യയിലെ പ്രവർത്തനങ്ങൾ ബംഗലുരുവിൽ നിന്നുമാണ് നിയന്ത്രിക്കുന്നത്. ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും ഗൾഫിലും ഫ്രാഞ്ചൈസികൾ നൽകാനുള്ള ഒരുക്കത്തിലാണ് അഡ്രസ്. [email protected] എന്ന ഈ മെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാൽ ഫ്രാഞ്ചൈസി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാം. നിലവിൽ അഡ്രസ് ഔട്ട്‌ലെറ്റുകൾ ഇല്ലാത്ത സ്ഥലങ്ങളിലായിരിക്കും ഫ്രാഞ്ചൈസികൾ അനുവദിക്കുന്നത്.

നെല്ലറ റെസ്റ്റോറന്റ്

ഫുഡ് പ്രോസസിംഗിലെ വിജയം പുതുരുചികളിലൂടെ തീൻമേശയിലും ആവർത്തിക്കുകയാണ് നെല്ലറ ഗ്രൂപ്പ്. നെല്ലറ ബ്രാൻഡിൽ ഷാർജയിലും ദുബായിലും ഷംസുദ്ദീന് റെസ്റ്റോറന്റുകളുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ നെല്ലറ റെസ്‌റ്റോറന്റുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഷംസുദ്ദീൻ.

യാത്രയും സംഗീതവും ഫുട്‌ബോളും

യാത്ര ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഷംസുദ്ദീൻ നെല്ലറ. 30 ൽപ്പരം രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. നഗരങ്ങളിൽ സഞ്ചരിക്കുന്നതിനേക്കാൾ ഇഷ്ടം ഗ്രാമങ്ങളിലൂടെയുള്ള യാത്രകളാണ്. ഓരോ യാത്രയും പുതിയ പാഠങ്ങളും അനുഭവങ്ങളാണ് ഷംസുദ്ദീന് പകർന്നു നൽകിയത്. ബിസിനസിന്റെ തിരക്കിനിടെയിൽ ഫുട്‌ബോളും ക്രിക്കറ്റും കളിക്കുന്നതിന് സമയം കണ്ടെത്തുന്നു. നെല്ലറയ്ക്ക് യുഎ ഇ യിൽ ഒരു ഫുട്‌ബോൾ ടീം തന്നെയുണ്ട്. നിരവധി മത്സരങ്ങളിൽ ഈ ടീം വിജയക്കൊടി പാറിച്ചിട്ടുണ്ട്. സംഗീതത്തെ ഹൃദയത്തോട് ചേർക്കുന്ന ഇദ്ദേഹത്തിന് എല്ലാതരം പാട്ടുകളും ഇഷ്ടമാണ്.

കുമാർ സാനു, മുഹമ്മദ് റാഫി, മുകേഷ്, ലതാ മങ്കേഷ്‌കർ എന്നിവരാണ് ഇഷ്ടഗായകർ. മാപ്പിളപാട്ടിന്റെ ആരാധകൻ കൂടിയാണ് ഷംസു. പീർ മുഹമ്മദ് മുതൽ എല്ലാ ഗായകരെയും ഇദ്ദേഹത്തിന് ഇഷ്ടമാണ്. പല ഗായകരുമായി ആത്മബന്ധമുണ്ട്. അതിനാൽ ഇവരിൽ പലരും യു എ ഇ യിൽ എത്തിയാൽ താമസം ഷംസുദ്ദീന് ഒപ്പമായിരിക്കും. നെല്ലറയുടെ എല്ലാ വിജയങ്ങളും തന്റെ കുടുംബത്തിന്റെ പിന്തുണയാലാണെന്ന് ഷംസുദ്ദീൻ പറയുന്നു. ഭാര്യ റുഖിയ. വിദ്യാർത്ഥികളായ മുഹമ്മദ് സഹീർ, നിയാസ്, നിലോഫർ സുൽത്താന എന്നിവരാണ് മക്കൾ.

പുതുസംരംഭകരോട്

മറ്റൊരാൾ ബിസിനസിൽ വിജയിച്ചുവെന്ന് കരുതി നിങ്ങളും വിജയിച്ചുകൊള്ളണമെന്നില്ല. ബിസിനസ് ചെയ്യാൻ താൻ എത്രമാത്രം പ്രാപ്തനാണെന്ന് സ്വയം പരിശോധന നടത്തണമെന്ന് ഷംസുദ്ദീൻ മുന്നറിയിപ്പു നൽകുന്നു. മുൻപരിചയവും താത്പര്യവുമുള്ള ബിസിനസ് ചെറിയ രീതിയിൽ മാത്രം ആരംഭിക്കുക. വെല്ലുവിളികളും തടസങ്ങളും ധാരാളമുണ്ടാകും. അതിൽ മനസുമടുക്കാതെ പോസിറ്റീവ് ചിന്തയോടെ മുന്നോട്ടുപോകണമെന്നും ഷംസുദ്ദീൻ ഓർമ്മിപ്പിക്കുന്നു. ഓരോ സ്ഥാപനത്തിലെയും പ്രധാനഘടകം ആ സ്ഥാപനത്തിലെ ജീവനക്കാരാണ്. അതുകൊണ്ട് അവരെ പണിക്കാരായി മാത്രം കാണാതെ പങ്കാളികളായി കാണണമെന്നതാണ് ഷംസുദ്ദീന്റെ പക്ഷം.

സഹൽ സൈനുദ്ദീൻ