ഓൺലൈൻ ഷെയർ ട്രേഡിംഗ് എസ് ഐ ബി – റെലിഗേർ ധാരണ

Posted on: September 18, 2014

SIB--Religare-MOU-big

സൗത്ത് ഇന്ത്യൻ ബാങ്കും ഓഹരിവ്യാപാരരംഗത്തെ പ്രമുഖരായ റെലിഗേർ സെക്യൂരിറ്റീസും തമ്മിൽ ബിസിനസ് ധാരണ. പുതിയ ധാരണപ്രകാരം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഉപഭോക്താക്കൾക്കു റെലിഗേറിന്റെ ഓൺലൈൻ ഓഹരിവ്യാപാര പ്ലാറ്റ്‌ഫോം ലഭ്യമാകും.

സേവിംഗ്‌സ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ട് എന്നിവ ഉൾപ്പെടുന്ന ത്രീ-ഇൻ-വൺ അക്കൗണ്ടിലൂടെയാണ് ഉപഭോക്താക്കൾക്ക് ഓൺലൈൻ ഷെയർ ട്രേഡിംഗ് സൗകര്യങ്ങൾ ലഭ്യമാകുന്നത്. ബാങ്കിന്റെ ഇടപാടുകാർക്കു സേവിംഗ്‌സ്, ഡിപ്പോസിറ്ററി അക്കൗണ്ടുകൾക്കു പുറമെ റെലിഗേറിന്റെ സാങ്കേതികമികവുള്ള ഇന്റർനെറ്റ് വ്യാപാര അക്കൗണ്ടും ലഭിക്കും.

ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ റെലിഗേർ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മുഴുവൻ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി കമ്പനിയാണ് റെലിഗേർ സെക്യൂരിറ്റീസ് ലിമിറ്റഡ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും റെലിഗേറിന്റെയും മികവുകൾ സംയോജിപ്പിച്ച് പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാനും അതുവഴി ഇടപാടുകാർക്കു കൂടുതൽ നേട്ടങ്ങൾ ലഭ്യമാക്കാനുമാണ് ഈ കൂട്ടുകെട്ടിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഉപഭോക്താക്കൾക്കു വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കാനുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രതിബദ്ധതയുടെ ഉദാഹരണമാണ് റെലിഗേറുമായുള്ള പങ്കാളിത്തം. ഇതുവഴി മൂലധന വിപണിയുമായി ബന്ധപ്പെട്ട സേവനശൃംഖല കൂടുതൽ വിപുലമാക്കാൻ തങ്ങൾക്കു സാധിക്കുമെന്നു ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി. ജി. മാത്യു പറഞ്ഞു.

സൗത്ത് ഇന്ത്യൻ ബാങ്കുമായുള്ള സഹകരണത്തിലൂടെ രാജ്യത്തുടനീളമുള്ള തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനും കൂടുതൽ ഉപഭോക്താക്കളിലേക്കു സേവനം വ്യാപിപ്പിക്കാനും സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി റെലിഗേർ സെക്യൂരിറ്റീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബസബ് മിത്ര പറഞ്ഞു.