സൗരോർജ കടത്തുബോട്ട് : നവാൾട്ടിന് ആഗോള പുരസ്‌കാരം

Posted on: February 21, 2018

തിരുവനന്തപുരം : ഇന്ത്യയിലാദ്യമായി സൗരോർജ കടത്തുബോട്ട് നിർമിച്ച് സർവീസ് നടത്തുന്ന കൊച്ചി ആസ്ഥാനമായ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്‌സ് എന്ന സ്റ്റാർട്ടപ്പിന് 2017 ലെ ഗ്ലോബൽ ക്ലീൻടെക് ഇന്നവേഷൻ അവാർഡ്. പാരമ്പര്യേതര ഊർജ വിഭാഗത്തിലെ നൂതന സംരംഭത്തിനുള്ള ആഗോള പുരസ്‌കാരമാണ് നവാൾട്ടിനു ലഭിച്ചത്. അമേരിക്കയിലെ സിലിക്കൺ വാലിയിൽ നടന്ന ചടങ്ങിൽ നവാൾട്ട് സ്ഥാപകൻ സന്ദിത് തണ്ടാശേരി പുരസ്‌കാരം സ്വീകരിച്ചു.

ഐക്യരാഷ്ട്രസഭാ ഏജൻസിയായ യുണിഡോ, ഗ്ലോബൽ എൻവയൺമെന്റ് ഫസിലിറ്റി, ക്ലീൻടെക് ഓപ്പൺ എന്നിവ സംയുക്തമായാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ രാജ്യത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളാണ് ലോസ് ആഞ്ചലസിൽ മത്സരത്തിനെത്തിയിരുന്നത്. പുരസ്‌കാരം നേടുന്ന സ്റ്റാർട്ടപ്പുകൾക്ക് ക്ലീൻടെക് ഓപ്പൺ ഇൻകുബേറ്ററിൽ പരിശീലനവും മേൽനോട്ടവും ബിസിനസ് പ്രോത്സാഹനവും ലഭിക്കും. ഇവർക്ക് നിക്ഷേപകരെയും ഉപഭോക്താക്കളയും ബിസിനസ് പങ്കാളികളെയും കണ്ടുപിടിക്കാനുള്ള സഹായവും ക്ലീൻ ടെക് നൽകും.

 

നവാൾട്ട് വൈക്കം – തവണക്കടവ് റൂട്ടിൽ ഒരു വർഷമായി ആദിത്യ എന്ന ഫെറിബോട്ട് ഉപയോഗിച്ച് വിജയകരമായ സർവീസ് നടത്തിവരുന്നു. ഇതിനോടകം അഞ്ചു ലക്ഷം പേർ യാത്ര ചെയ്തു. 35,000 ലിറ്റർ ഡീസൽ ലാഭിച്ച നവാൾട്ട് 94 ടൺ കാർബൺ ഡയോക്‌സൈഡും എട്ടു ടൺ മറ്റ് വാതകങ്ങളും പുറത്തുവിടുന്നതിൽനിന്ന് അന്തരീക്ഷത്തെ രക്ഷിച്ചിട്ടുള്ളതായാണ് കണക്കാക്കിയിരിക്കുന്നത്. 75 സീറ്റുള്ള ഈ ബോട്ട് കഴിഞ്ഞ വർഷം ജനുവരിയിൽ അന്നത്തെ കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നീറ്റിലിറക്കിയത്.

റിസർച്ച് എൻജിനീയർമാരടക്കം തങ്ങൾക്കാവശ്യമുള്ള ആൾശേഷി ലഭിച്ചതുകൊണ്ടാണ് കേരളത്തിൽ തങ്ങളുടെ ഉദ്യമം വിജയത്തിലെത്തിയതെന്ന് നവാൾട്ട് സ്ഥാപകൻ സന്ദിത് തണ്ടാശേരി പറഞ്ഞു.

TAGS: NavAlt | Solar Boat |