രണ്ടാമത് യെസ് ബാങ്ക് ഫിൻടെക്ക് ഒക്‌ടോബർ 7 വരെ അപേക്ഷിക്കാം

Posted on: September 14, 2017

കൊച്ചി : യെസ് ബാങ്ക് രണ്ടാമത്തെ ഫിൻടെക്ക് സമ്മേളനത്തിനായി ആഗോള ഫിൻടെക്ക് സ്റ്റാർട്ടപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിൻടെക്ക് സ്റ്റാർട്ടപ്പുകൾക്കായുള്ള യെസ് ബാങ്കിന്റെ നൂതന പരിപാടിയാണ് യെസ് ഫിൻടെക്ക്. യെസ് ഫിൻടെക്കിലൂടെ ആഗോള തലത്തിൽ 20 ലധികം സ്റ്റാർട്ടപ്പ് നെറ്റ്‌വർക്കുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ പരിപാടിയിലൂടെ ഫിൻടെക്ക് സ്റ്റാർട്ടപ്പുകൾക്ക് വേണ്ട വിപണന നിർദേശങ്ങൾ ലഭിക്കുന്നു. ഇതുവഴി 15 ആഴ്ചകൾക്കുള്ളിൽ ഫിൻടെക്ക് സ്റ്റാർട്ടപ്പുകൾക്ക് ആഗോള വിപണിയിലേക്കിറങ്ങാൻ സാധിക്കും.

യുഎസ്, യുകെ, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് യെസ് ഫിൻടെക്ക് നെറ്റ്‌വർക്ക് വ്യാപിക്കുന്നു. ഇസ്രയേൽ കേന്ദ്രീകരിച്ചുള്ള ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം, യുഎസ് അധിഷ്ഠിതമായ ക്യൂസി ഫിൻടെക്ക്, അസിയാൻ വിപണി കേന്ദ്രീകരിച്ചുള്ള മലേഷ്യൻ ഗ്ലോബൽ ഇന്നവേഷനായ മാജിക്ക്, സിംഗപ്പൂരിലെ ഏറ്റവും വലിയ ഫിൻടെക്ക് ഹബായ ലാറ്റിസ് 80, നെതർലൻഡിലെ ഹോളണ്ട് ഫിൻടെക്ക്, ഇന്നവേഷൻ സെന്റർ ഓഫ് ഡെൻമാർക്ക്, അബുദാബി ഗ്ലോബൽ മാർക്കറ്റ്‌സ്, ഫിൻലൻഡ് കേന്ദ്രീകരിച്ചുള്ള നെസ്‌തോൽമ തുടങ്ങിയവയെല്ലാം സഹകാരികളിൽപ്പെടുന്നു.

ലെൻഡിംഗ് ഡിജിറ്റൽ പേമെന്റ്‌സ്, റിയൽടൈം ഡാറ്റ അനാലിറ്റിക്‌സ്, പ്രോസസ് ഓട്ടോമേഷൻ, സ്മാർട്ട് ഡിസിഷനിങ്, ഡിജിറ്റൽ ബാങ്കിംഗ് വെൽത്ത്‌ടെക്ക്, ഇൻവെസ്റ്റ് ടെക്ക് തുടങ്ങിയ മേഖലകൾക്കെല്ലാം ഫിൻടെക്ക് പ്രാധാന്യം നൽകുന്നു. 15 ആഴ്ച നീണ്ടനിൽക്കുന്ന പരിപാടിയിൽ ഈ സ്റ്റാർട്ടപ്പുകളെല്ലാം യെസ്ബാങ്കുമായി സഹകരിക്കുമെന്ന് യെസ്ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ റാണ കപൂർ പറഞ്ഞു.

താത്പര്യമുള്ള സ്റ്റാർട്ടപ്പുകൾ ഒക്‌ടോബർ ഏഴ് വരെ അപേക്ഷ സമർപ്പിക്കാം. ഫിൻടെക്ക് സംഘാടകരായ വിസി സർക്കിളും യെസ്ബാങ്ക് പ്രതിനിധികളും അപേക്ഷകൾ പരിശോധിക്കും. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾ യെസ്ബാങ്ക് പ്രതിനിധികൾ, വിസി സർക്കിൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കണം. നവംബർ 13 ന് പരിപാടിക്ക് തുടക്കം കുറിക്കും.

TAGS: Yes Bank | YES Fintec |