ഇരുചക്ര വാഹനങ്ങളുടെ ചരക്കു സേവന നികുതി പുനപരിശോധിക്കണം : വേണു ശ്രീനിവാസന്‍

Posted on: January 10, 2019

കൊച്ചി : ഇരുചക്ര വാഹനങ്ങളുടെ ചരക്കു സേവന നികുതി പുനപരിശോധിക്കണമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ ആവശ്യപ്പെട്ടു. നഗരവത്ക്കരണം, വര്‍ധിച്ചു വരുന്ന വാങ്ങല്‍ ശേഷി, മധ്യ-ഇടത്തരം പട്ടണങ്ങളിലെ യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ടു കൂടുതലായി ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ എന്നിവയെല്ലാം വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ശക്തി പകരുന്ന ഘടകങ്ങളാണ്. പൊതു ജനങ്ങള്‍ യാത്രയ്ക്കായി അത്രയേറെ ആശ്രയിക്കുന്നതാണ് ഇരുചക്ര വാഹനമെന്ന പ്രാധാന്യം കണക്കിലെടുത്ത് ഇരുചക്ര വാഹനങ്ങളുടെ ചരക്കു സേവന നികുതി തീര്‍ച്ചയായും പുനപരിശോധിക്കേണ്ടതാണ്.

ഇപ്പോള്‍ ഇന്ത്യയിലെ പൊതു ഗതാഗത സംവിധാനങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സ്ഥാനം കണക്കിലെടുത്ത് ആഡംബര ഇനങ്ങള്‍ക്കുള്ള രീതിയില്‍ 28 ശതമാനം ചരക്കു സേവന നികുതി ചുമത്തിക്കൂടാത്തതാണ്. പുതിയ സുരക്ഷാ മാനദണ്ഡങ്ങളും ബി എസ് നാല് നിലവാരം ഏര്‍പ്പെടുത്തുന്നതും ഇരുചക്ര വാഹനങ്ങളുടെ വില ഉയര്‍ത്തുന്ന സാഹചര്യമാണിപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥായിയായി നിലനില്‍ക്കും വിധം കൂടുതല്‍ പേരിലേക്ക് ഇരുചക്ര വാഹനങ്ങള്‍ എത്തിക്കാനായി ഇരുചക്ര വാഹനങ്ങളുടെ ചരക്കു സേവന നികുതിയുടെ കാര്യത്തില്‍ ഒരു പുനരവലോകനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.