ഇൻഫോപാർക്ക് ടിബിസി കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ

Posted on: October 15, 2014

Infopark-TBC-inaug-big

ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കു വേണ്ട ഇൻകുബേഷൻ സൗക്യരങ്ങളുമായി എറണാകുളം കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇൻഫോപാർക്ക് ടെക്‌നോളജി ബിസിനസ് സെന്റർ (ടിബിസി) തുറന്നു. ഹൈബി ഈഡൻ എംഎൽഎ ടിബിസിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജിസിഡിഎ ചെയർമാൻ എൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വ്യവസായ ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി എച്ച് കുര്യൻ, ഐടി ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡ് എംഡി എസ്. രാംനാഥ്, ഇൻഫോപാർക്ക് സിഇഒ ഋഷികേശ് നായർ തുടങ്ങിയവർ പങ്കെടുത്തു.

സ്റ്റാർട്ടപ്പ് കമ്പനികൾക്ക് താങ്ങാവുന്ന നിരക്കിൽ ആധുനിക അടിസ്ഥാനസൗകര്യങ്ങളോടു കൂടിയ സംവിധാനമാണ് കലൂർ ടിബിസിയിൽ ഒരുക്കിയിട്ടുള്ളതെന്ന് പി എച്ച് കുര്യൻ പറഞ്ഞു. സ്റ്റാർട്ടപ്പ് കമ്പനികൾ വികസിപ്പിക്കുന്ന സാങ്കേതിക ഉത്പന്നങ്ങൾ സർക്കാരിന്റെ ഇ ഗവേണൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നകാര്യം ആലോചിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലെ കേരള ഐടി മിഷന്റെ ഐടിഇഎസ് ഹാബിറ്റാറ്റ് സൗകര്യം ഏറ്റെടുത്താണ് ഇൻഫോപാർക്ക് ടിബിസി ആരംഭിച്ചിട്ടുള്ളത്.