ഫെഡറൽ ബാങ്ക് : ഇന്ത്യ – ന്യൂസിലാൻഡ് ട്വന്റി-ട്വന്റി ഔദ്യോഗിക ബാങ്കിംഗ് പങ്കാളി

Posted on: October 19, 2017

കൊച്ചി : തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നവംബർ 7 ന് നടക്കുന്ന ഇന്ത്യ- ന്യൂസിലാൻഡ് ട്വന്റി ട്വന്റി മത്സരത്തിന്റെ ഔേദ്യാഗിക ബാങ്കിംഗ് പങ്കാളിയായി ഫെഡറൽ ബാങ്ക് ധാരണാപത്രം ഒപ്പിട്ടു. ഈ മാസം 16 ന് ആരംഭിച്ച ഓൺലൈൻ ടിക്കറ്റ് വിൽപ്പനയ്ക്ക് മികച്ച പ്രതികരണമാണ് രാജ്യത്താകമാനമുള്ള ക്രിക്കറ്റ് പ്രേമികളിൽ നിന്നും ലഭിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് ആദ്യ അര മണിക്കൂറിനുള്ളിൽ തന്നെ അനുവദിക്കപ്പെട്ടതിൽ 50 ശതമാനത്തിലേറെ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടു.

ഓൺലൈൻ ബുക്ക് ചെയ്തവർക്ക് തങ്ങളുടെ ബുക്കിംഗ് ഉറപ്പു വരുത്തുന്ന എസ്എംഎസുമായി തെരഞ്ഞെടുക്കപ്പെട്ട ഫെഡറൽ ബാങ്ക് ശാഖകളിൽ നിന്നും നവംബർ ഒന്നു മുതൽ ടിക്കറ്റുകൾ നേരിട്ട് കൈപ്പറ്റാവുന്നതാണ്. ഇതിനായി ഏതെങ്കിലും തിരിച്ചറിയൽ രേഖ കൂടി ഹാജരാക്കേണ്ടതാണ്. ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം കൺഫർമേഷൻ മെസേജ് ലഭിക്കാത്തവർ വിശദവിവരങ്ങൾ ഉൾക്കൊള്ളിച്ച് [email protected] എന്ന ഇമെയിൽ വഴിയോ 1800425 1199 എന്ന നമ്പർ മുഖേനയോ ഫെഡറൽ ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്. അപേക്ഷ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ ബുക്കിംഗ് ഉറപ്പാക്കുന്ന സന്ദേശം ലഭിക്കും.

TAGS: Federal Bank |