ഇൻഫോപാർക്ക് രണ്ടാംഘട്ട വികസനം ഉദ്ഘാടനം 22 ന്

Posted on: January 19, 2017

കൊച്ചി : ഇൻഫോപാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായിപൂർത്തിയാക്കിയ കെട്ടിട സമുച്ചയം – ജ്യോതിർമയ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇൻഫോപാർക്ക് കാമ്പസിൽ രാവിലെ 11 നാണ് ചടങ്ങുകൾ എന്ന് ഐ.ടി പാർക്കുകളുടെ മേധാവി ഋഷികേഷ് നായർ പത്രസമ്മേളനത്തിൽ പറഞ്ഞു.

നാല് ലക്ഷം ചതുരശ്ര അടി വിസ്തീർണമുളള അത്യാധുനിക സൗകര്യമുളള ഐ.ടി കെട്ടിടവും, ഒരു ലക്ഷത്തിഅമ്പതിനായിരം ചതുരശ്ര അടി വിസ്തീർണമുളള അനുബന്ധ സേവനങ്ങൾക്കുളള കെട്ടിടവുമാണ് പൂർത്തിയായിട്ടുളളത്. മൾട്ടിലെവൽ കാർ പാർക്കിംഗ്, ബാങ്കുകൾ, എടിഎം, മിനി ഫുഡ് കോർട്ട് തുടങ്ങിയവയാണ് അനുബന്ധ കെട്ടിടത്തിൽ ഒരുക്കിയിട്ടുളളത്. ആറ് ഏക്കർ സ്ഥലത്ത് പണിതുയർത്തിയിട്ടുള്ള ഐടി ബിൽഡിംഗിന് 9 നിലകളും അനുബന്ധ ബിൽഡിംഗിന് 6 നിലകളുമാണ്.

പുതിയ ബിൽഡിംഗിൽ 4,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.  125 ഏക്കർ സ്ഥലമാണ് 160 ഏക്കറായി മൊത്തം വിഭാവനം ചെയ്യുന്ന രണ്ടാംഘട്ടത്തിൽ ഏറ്റെടുത്ത് വികസിപ്പിച്ച് വരുന്നത്. ഇതിൽ 102 ഏക്കർ സ്ഥലത്തിന് പ്രത്യേക സാമ്പത്തിക മേഖല പദവി ഉണ്ട്. എല്ലാ പ്രകൃതി സൗഹൃദ നിർമ്മാണരീതികളും പാലിച്ച് വികസിപ്പിക്കുന്ന രണ്ടാംഘട്ടത്തിൽ ഏറ്റവും മികച്ച എനർജി സേവിംഗ് രീതികളും, കാർബൺ നിയന്ത്രണ രീതികളുമുണ്ട്.

ഇതിൽ 85 ശതമാനവും 11 കമ്പനികൾക്ക് വികസന പ്രവർത്തനങ്ങൾക്കായി നൽകി കഴിഞ്ഞു. സ്ഥലമെടുത്തിട്ടുള്ള ആഗോള ഐടി കമ്പനിയായ കോഗ്നിസന്റ് ടെക്‌നോളജീസ് 15 ഏക്കറിൽ വികസിപ്പിച്ച ഐടി പാർക്ക് പ്രവർത്തനം തുടങ്ങി. 9.37 ഏക്കറിൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഐടി പാർക്ക് വികസനപാതയിലാണ്. മുത്തൂറ്റിന്റെ ഇന്റർനാഷണൽ സ്‌കൂൾ – സൻസ്‌കാര  5.25 ഏക്കറിൽ പ്രവർത്തനം ആരംഭിച്ചു. കൊശമറ്റം ഗ്രൂപ്പിന്റെ ഐടി ബിൽഡിംഗ് 1.3 ഏക്കറിലും, ക്ലേസിസ് ഇൻഫ്രാസ്ട്രക്ചർ 1.6 ഏക്കറിലും വികസിപ്പിക്കാൻ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ട്രാൻസ്ഏഷ്യ 2.63 ഏക്കർ, മീഡിയാ സിസ്റ്റംസ് 1 ഏക്കർ, പാടിയത്ത് ഇന്നവേഷൻ, ഇറാം ഗ്രൂപ്പ്, കൊച്ചിയിലെ ആദ്യത്തെ ഡേറ്റാ സെന്ററായ പിഐ ഡേറ്റാ സെന്റർ 5.8 ഏക്കറിലാണ് വികസിപ്പിക്കുന്നത്. കാസ്പിയൻ ഗ്രൂപ്പിന്റെ ഷോപ്പിംഗ് ക്ലോംപ്ലക്‌സ്, സൺറൈസ് ഗ്രൂപ്പിന്റെ ഹോസ്പിറ്റൽ തുടങ്ങിയവയും പുതിയ സംരംഭങ്ങളാണ്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ 80,000 പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

 

 

വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിന്നും കടമ്പ്രയാറിലൂടെ ജലമാർഗമുള്ള ഗതാഗതം (ഇപ്പോൾ രാജഗിരിയിൽ വരെയുള്ളത്) ഇൻഫോ പാർക്കിലേക്കു കൂടി നീട്ടുന്നതോടെ പാർക്കിലേയ്ക്കുള്ള യാത്രകൾക്ക് മറ്റൊരു മാനം കൂടി കൈവരും. രണ്ടാം ഘട്ടത്തിൽ മെട്രോ ലൈൻ കൂടി കാക്കനാടുവരെ നീട്ടുന്നതോടെ ഗതാഗത സൗകര്യം മികച്ചതാകും. സീപോർട്ട്-എയർപോർട്ട് റോഡും അനുഗ്രഹമാണ്.

രണ്ടാംഘട്ട വികസനം കൂടി പൂർത്തിയാകുന്നതോടെ ഹോസ്പിറ്റലുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഷോപ്പിംഗ് മാളുകളും, ഹോട്ടൽ, കൺവൻഷൻ സെൻറ്റർ, ചുറ്റുവട്ടമുള്ള പാർപ്പിട സമുച്ചയങ്ങളും ഒക്കെ കൂടി ഒരു പ്രത്യേക ടൗൺഷിപ്പായി ഇൻഫോപാർക്ക് രുപാന്തരപ്പെടുമെന്ന് കേരളത്തിലെ ഐ.ടി പാർക്കുകളുടെ മേധാവി ഋഷികേഷ് നായർ പറഞ്ഞു. നടന്നുപോയി ജോലി ചെയ്യാനും, ഉല്ലാസകരമായി ജീവിക്കാനും കഴിയുന്ന വാക് ടു വർക് ടെക്‌നോളജി കാമ്പസായി ഇൻഫോപാർക്ക് മാറ്റപ്പെടും.

ആഗോള മേഖലയിൽ ബ്രക്‌സിറ്റ്, അമേരിക്കൻ തെരഞ്ഞെടുപ്പ്, ഡീമോണിറ്റൈഷൻ തുടങ്ങിയ വെല്ലുവിളികൾ നേരിടുമ്പോഴും ഐടി  കമ്പനികൾ വികസനോൻമുഖമായി പ്രവർത്തിക്കുന്നത് പ്രതീക്ഷ നൽകുന്നതായും കേരളത്തിൽ നിന്നും വളർന്നു വരുന്ന കമ്പനികൾ ഐടി വികസനത്തിനു മുതൽകൂട്ടാണെന്നും ഋഷികേഷ് നായർ പറഞ്ഞു. സ്മാർട് സിറ്റി കൂടി ചേരുന്നതോടെ 500 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തന്നെ ഒരോയൊരു ഐടി കോറിഡോറായി കാക്കനാട് മാറ്റപ്പെടും.

ഇൻഫോപാർക്കിൽ ആദ്യഘട്ടത്തിൽ 101 ഏക്കറുകളിലായി 200 ൽപ്പരം കമ്പനികൾ പ്രവർത്തിച്ചുവരുന്നു. ജീവനക്കാരുടെ എണ്ണം ഇപ്പോഴത്തെ 31000 ൽ നിന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ 50,000 ആയി ഉയരുമെന്നാണ് കരുതുന്നതെന്നും അദേഹം പറഞ്ഞു.

TAGS: Infopark Kochi |