റോബോറേവ് റോബോട്ടിക്‌സ് മത്സരം നവംബറിൽ

Posted on: September 20, 2016

roborave-big

കൊച്ചി : റോബോറേവ് ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന ആദ്യത്തെ റോബോട്ടിക്‌സ് മത്സരം നവംബർ 5,6 തീയതികളിൽ കൊച്ചി ചോയ്‌സ് സ്‌കൂളിൽ നടക്കും. എട്ടു വയസു മുതൽ മുതിർന്നവരുടെവരെ ടീമുകൾക്കായി നടത്തുന്ന രാജ്യാന്തര മത്സരത്തിൽ ഒന്നോ അതിലധികമോ റോബോട്ടിക് ഇനങ്ങൾ രൂപകൽപന ചെയ്യാനുള്ള അവരുടെ കഴിവാണ് പരിശോധിക്കുന്നത്.

വ്യത്യസ്ത ഇനം പ്രവർത്തനങ്ങളിൽ ഏർപ്പെടാനാകും വിധത്തിൽ റോബോട്ടുകളെ ഡിസൈൻ ചെയ്ത് നിർമിക്കുകയും പ്രോഗ്രാം ചെയ്യുകയും ചെയ്യുന്നതിനെപ്പറ്റി പഠിപ്പിക്കുന്ന വിദ്യാഭ്യാസ പരിപാടിയാണ് റോബോറേവ്. സെപ്റ്റംബർ 30 വരെ സ്‌കൂൾ, കോളജ് ടീമുകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള ഫീസ് നിരക്ക് 1400 രൂപയാണ്. പത്തിലേറെ ടീമുകൾ റജിസ്റ്റർ ചെയ്യുന്ന സ്‌കൂളുകളിലും കോേളജുകളിലും ശിൽപശാലകൾ സംഘടിപ്പിക്കും.

കൊച്ചിയിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ മൂന്നു സ്വതന്ത്ര റോബോട്ട് ചലഞ്ചുകളും ഒരു സംരംഭക ചലഞ്ചുമാണ് റോബോറേവ് ഇന്ത്യ നടത്തുന്നത്. മൂന്നാം ക്ലാസുമുതൽ കോളജ്തലം വരെയുള്ള വിദ്യാർഥികൾക്കും, ഉദ്യോഗസ്ഥർക്കും പങ്കെടുക്കാം. ഇരുനൂറിലേറെ എൻജിനീയറിംഗ് വിദ്യാർഥികൾ ഇപ്പോൾതന്നെ മത്സരത്തിൽ ചേർന്നുകഴിഞ്ഞു. www.roboraveindia.org , www.roborave.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിച്ച് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് +91 9562240333 (ജിഷ സേറ ജോജി, നാഷണൽ കോഓർഡിനേറ്റർ ) മൊബൈൽ നമ്പരിൽ ലഭിക്കും.