സ്റ്റുഡന്റ് ഡിജിറ്റൽ ഇൻകുബേറ്റർ 13 ന് തുടങ്ങും

Posted on: July 7, 2016

Startup-Village-Big

കൊച്ചി : സ്റ്റാർട്ടപ് വില്ലേജിന്റെ രണ്ടാം ഘട്ട പ്രവർത്തനം ദേശീയ തലത്തിൽ വ്യാപിക്കാൻ കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയം അനുമതി നൽകി. ലോകത്തിലെ ആദ്യ സ്റ്റുഡന്റ് ഡിജിറ്റൽ ഇൻകുബേറ്ററായി മാറുന്ന സ്റ്റാർട്ടപ് വില്ലേജ് രണ്ടാംഘട്ടത്തിന് ജൂലൈ 13 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, ദേശീയ ശാസ്ത്രസാങ്കേതിക സംരംഭക വികസന ബോർഡ് മേധാവി ഡോ. എച്ച്. കെ. മിത്തൽ, ഇൻഫോസിസ് സഹസ്ഥാപകനും സ്റ്റാർട്ടപ് വില്ലേജ് ചീഫ് മെന്ററുമായ ക്രിസ് ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് തുടക്കമിടും.

പൂർണമായും ഡിജിറ്റൽ രൂപത്തിലുള്ള സ്റ്റാർട്ടപ് വില്ലേജ് രണ്ടാംഘട്ടം പ്രധാനമന്ത്രിയുടെ സ്റ്റാർട്ടപ് ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെടുത്തിയായിരിക്കും വികസിപ്പിക്കുക. രാജ്യത്തെ 50 ലക്ഷം എൻജിനീയറിംഗ് വിദ്യാർത്ഥികളിൽ സംരംഭക സംസ്‌കാരം വളർത്തിയെടുക്കുന്നതിന് അനുയോജ്യമായ തരത്തിൽ രൂപം കൊടുക്കുന്ന ഈ ഡിജിറ്റൽ ഇൻകുബേഷൻ നെറ്റ്‌വർക്കിൽ അപേക്ഷാ സമർപ്പണവും, പരിശീലനവും അധ്യാപനവും, ബിരുദദാനവുമെല്ലാം ഡിജിറ്റൽ രൂപത്തിലായിരിക്കും.