സ്റ്റാർട്ടപ്പ് വില്ലേജിനെ മാതൃകയാക്കാൻ ഉത്തരാഖണ്ഡും

Posted on: May 22, 2015

Startup-Village-UT-delegati

കൊച്ചി : സ്റ്റാർട്ടപ്പ് വില്ലേജിനെ മാതൃകയാക്കാൻ ഉത്തരാഖണ്ഡ് സംസ്ഥാനവും ഒരുങ്ങുന്നു. ഉത്തരാഖണ്ഡ് പ്രതിനിധികൾ ബുധനാഴ്ച സ്റ്റാർട്ടപ്പ് വില്ലേജ് സന്ദർശിച്ചു. ഉത്തരാഖണ്ഡ് വ്യവസായ വികസന കോർപറേഷൻ എംഡിയും വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറിയുമായ ആർ. രാജേഷ് കുമാറും എസ്‌ഐഡിസിയുഎൽ ജനറൽമാനേജർ എസ്. എൽ. സെംവാലുമാണ് കളമശേരിയിലെത്തി സ്റ്റാർട്ടപ്പ് വില്ലേജ് അധികൃതരുമായി ചർച്ച നടത്തിയത്.

മറ്റു സംസ്ഥാനങ്ങൾ പകർത്താൻ ആഗ്രഹിക്കുന്ന ബ്ലൂപ്രിന്റാണ് സ്റ്റാർട്ടപ്പ് വില്ലേജ് എന്ന് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു. സ്റ്റാർട്ടപ്പ് വില്ലേജിനെ മാതൃകയാക്കി വിശാഖപട്ടണത്ത് ഇൻകുബേറ്റർ സ്ഥാപിക്കുകയുണ്ടായി. ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അടുത്തയിടെ സ്റ്റാർട്ടപ്പ് വില്ലേജ് സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാർട്ടപ്പ് വില്ലേജ് പോലുള്ള ഇൻകുബേറ്ററുകൾ കാലത്തിന്റെ അനിവാര്യതയാണെന്ന് ഉത്തരാഖണ്ഡ് പ്രതിനിധികളെ ബോധ്യപ്പെടുത്താനായതായി സ്റ്റാർട്ടപ്പ് വില്ലേജ് സിഇഒ പ്രണവ് കുമാർ സുരേഷ് പറഞ്ഞു.