ഡിസൈന്‍ ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്തു

Posted on: November 27, 2018

തിരുവനന്തപുരം : പ്രളയാനന്തര കേരളത്തെ പുനഃസൃഷിക്കുന്നതിന് നൂതന രൂപകല്‍പ്പനകളും സത്വരപരിഹാരങ്ങളും വിഭാവനം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ഡിസൈന്‍ ഫെസ്റ്റിവലിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.  മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഡിസൈന്‍ ഫെസ്റ്റിവലിന്റെ മുഖ്യ സ്‌പോണ്‍സറായ സെറാ സാനിറ്ററിവെയറിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അതുല്‍ സാംഗ്‌വി, സീനിയര്‍ വൈസ് പ്രസിഡന്റ് അബി വി റോഡ്രിഗ്‌സ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഡിസംബര്‍ 11 മുതല്‍ 16 വരെ ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഡിസൈന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പ്രമുഖ വിദഗ്ധരും നയകര്‍ത്താക്കളും അണിനിരക്കുന്ന ഈ ഡിസൈന്‍ വാരത്തില്‍ കേരളത്തിന് സുസ്ഥിര ആവാസ വ്യവസ്ഥ ഒരുക്കുന്നതിനുള്ള നൂതനമാതൃകകള്‍ രൂപീകരിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബര്‍ 11,12 തീയതികളില്‍ ഡിസൈന്‍ കേരള ഉച്ചകോടി നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിവരസാങ്കേതിക വകുപ്പ് സംഘടിപ്പിക്കുന്ന ഡിസൈന്‍ കേരള ഉച്ചകോടിയെ ഡിസംബര്‍ 12 ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അഭിസംബോധന ചെയ്യും.

പുനഃസൃഷ്ടിയില്‍ അവലംബിക്കാവുന്ന ഭാവി സാങ്കേതികവിദ്യ, ആവാസവ്യവസ്ഥിതി, രൂപകല്‍പനാശയങ്ങള്‍ എന്നിവയെ അധികരിച്ച പ്രതിഷ്ഠാപനങ്ങളേയും പ്രദര്‍ശനങ്ങളേയും അണിനിരത്തുന്ന ഡിസൈന്‍ ഡിസ്ട്രിക്ടും ഡിസൈന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്. ബോള്‍ഗാട്ടി ഐലന്‍ഡിലെ ഡിസൈന്‍ സിസ്ട്രിക്ടിലും ഡിസൈന്‍ വീക്ക് പ്രദര്‍ശനവേദിയിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഡിസൈന്‍ വാരത്തിലേയ് ക്കുള്ള രജിസ് ട്രേഷനും വിശദവിവരങ്ങള്‍ക്കും www.kochidesignweek.org