ആസ്റ്റർ മെഡ്‌സിറ്റിയിൽ എ.ആർ. വെയ്ൻ ഫൈൻഡർ

Posted on: March 15, 2018

കൊച്ചി : ഇന്ത്യയിൽ ആദ്യമായി ആസ്റ്റർ മെഡ്‌സിറ്റിയിൽ ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആർ) വെയ്ൻ ഫൈൻഡർ ഉപയോഗിക്കുന്നു. കുറഞ്ഞ ചെലവിൽ രോഗികൾക്ക് അസ്വസ്ഥതയും വേദനയുമില്ലാതെ രക്തക്കുഴലുകളിൽ കുത്തിവയ്പ്പ് നടത്തുന്നതിന് കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ മെഡ്ട്ര ഇന്നവേറ്റീവ് ടെക്‌നോളജീസ് രൂപകൽപ്പന ചെയ്തതാണ് വെയ്ൻ ഫൈൻഡർ.

ആശുപത്രികളിൽ രക്തമെടുക്കുന്നതിനോ, ഐവി ഉപയോഗിക്കുന്നതിനോ സിരകൾ കണ്ടെത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാൽ, വെയ്‌നസ് എആർ 100 ത്വക്കിന് മുകളിലായി കാണിക്കുമ്പോൾ സിരകൾ വ്യക്തമായി കാണാനാവും. ഇതുവഴി രോഗിയുടെ മാനസികസമ്മർദ്ദവും വേദനയും കുറയ്ക്കാനും സിരകൾ കണ്ടെത്തുന്നതിനായി ഒന്നിലധികം തവണ കുത്തിവയ്ക്കുന്നത് ഒഴിവാക്കുന്നതിനും സാധിക്കും.

വേദനയും ആശങ്കയും സമ്മർദ്ദവുമില്ലാതെ രക്തമെടുക്കുന്നതിനും ഐവി ഇടുന്നതിനും ഡോക്ടർമാരേയും രോഗികളെയും സഹായിക്കുന്നതാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ എ.ആർ. വെയ്ൻ ഫൈൻഡർ എന്ന് ആസ്റ്റർ മെഡ്‌സിറ്റി സിഇഒയും കേരള ക്ലസ്റ്റർ ഹെഡുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു.

രണ്ടുവർഷം മുമ്പ് വിശദമായ ഗവേഷണങ്ങളിലൂടെ രൂപപ്പെടുത്തി പരീക്ഷണങ്ങൾ നടത്തി അധികൃതരുടെ അംഗീകാരം നേടിയെടുത്തതാണ് വെയ്‌നക്‌സ് എ.ആർ. 100. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വെയ്ൻ ഫൈൻഡറുകൾക്ക് ഉയർന്ന വിലയായതിനാൽ ഇന്ത്യയിൽ വെയ്ൻ ഫൈൻഡറുകൾ സാധാരണയായി ഉപയോഗിക്കുന്നില്ലെന്ന് മെഡ്ട്ര ഇന്നവേറ്റീവ് ടെക്‌നോളജീസ് സിഇഒ എസ്. സുജിത് പറഞ്ഞു. കുറഞ്ഞ ചെലവിൽ ആരോഗ്യപരിചരണം ലഭ്യമാക്കാൻ വെയ്‌നക്‌സ എ.ആർ. 100 സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.